കോട്ടയം; ആർപ്പൂക്കര സ്വദേശിനികളായ ഏഴും പതിനൊന്നും വയസ്സുള്ള ബാലികമാരെ പീഡിപ്പിച്ചെന്ന കേസിൽ 2024 ഏപ്രിൽ മുതൽ ഒരു വർഷക്കാലം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞു വന്ന പ്രതിയ്ക്ക് ഒടുവിൽ മോചനം.
ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനിരുദ്ധനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്‌പെഷ്യൽ ജഡ്ജി വി. സതീഷ് കുമാർ വെറുതെ വിട്ട് കൊണ്ട് ഉത്തരവായത്.
തന്റെ കൂടെ വളരുന്ന രണ്ട് കുട്ടികളെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് കുട്ടികളുടെ വളർത്തമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ പത്തൊൻപത് സാക്ഷികളും മൂത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇരുപത്തഞ്ച് സാക്ഷികളുമാണ് ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്. തുടർന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടികൾ. പിതാവിനൊപ്പം വളർത്തമ്മയായി വന്ന പരാതിക്കാരിയാണ് കേസുകൾ ചമച്ചതെന്നായിരുന്നു പ്രതിഭാഗം വാദം.
ഇവർക്കൊപ്പം താമസിക്കുവാൻ വന്ന ബന്ധുവായ പ്രതിയെ ഒഴിവാക്കുവാൻ എടുത്ത കേസാണിതെന്നു പ്രതിഭാഗം വാദിച്ചു. പ്രതിയ്‌ക്കെതിരെ മൊഴി നൽകുവാൻ വളർത്തമ്മ പ്രേരിപ്പിച്ചതാണെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. രണ്ട് കുട്ടികളെ സംബന്ധിച്ച് രണ്ട് കേസുകളിലായി തുടർച്ചയായി വിചാരണ നടക്കുകയായിരുന്നു. ദീർഘകാലം തടവിൽ കഴിഞ്ഞ നിരപരാധിയായ കുറ്റാരോപിതൻ ജയിൽ മോചിതനായി. പ്രതിയുടെ മൊബൈൽ ഫോൺ ഉടൻ തന്നെ തിരികെ നൽകാനും കോടതി ഉത്തരവിട്ടു,
പ്രതിയ്ക്ക് വേണ്ടി അഡ്വ. യദുകൃഷ്ണൻ ആണ് കോടതിയിൽ ഹാജരായത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സൗജന്യ പ്രതിഭാഗനിയമ സേവന പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് കേസുകൾ നടത്തിയത്. അഡ്വ. പ്രിയ ആർ ചന്ദ്രൻ ,അഡ്വ. ഗായത്രി ജി എന്നിവരും പലപ്പോഴായി പ്രതിയ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്.