സ്വർണ്ണക്കടത്തിലെ റിവേഴ്സ് ഹവാല: അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; സരിത്തിനെയും സ്വപ്നയെയും ജയിലിൽ എത്തി ചോദ്യം ചെയ്യുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സംസ്ഥാന സർക്കാരിനെയും മന്ത്രി സഭയെയും പിടിച്ച് കുലുക്കിയ സ്വർണ്ണക്കടത്തിന് പിന്നാലെ, റിവേഴ്സ് ഹവാല കേസിലും സർക്കാരിന് കുരുക്ക് മുറുകുന്നു.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ഉന്നതരുടെ കള്ളപ്പണം ഡോളറായി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയില്‍ അന്വേഷണം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിവേഴ്സ് ഹവാലയുടെ വിവരങ്ങള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതല്‍ ഇ.ഡി ജയിലില്‍ ചോദ്യം ചെയ്യുന്നു . മൂന്ന് ദിവസത്തേക്കാണ് ചോദ്യംചെയ്യല്‍.

ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവര്‍ക്കെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍. റിവേഴ്സ് ഹവാല കേസ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുന്നത് ഉന്നതന്മാരുടെ നെഞ്ചിടിപ്പേറ്റും. കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളര്‍ വിദേശത്തേക്ക് കടത്തിയതാണെങ്കില്‍ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് ഇ.ഡിയുടെ അന്വേഷണത്തില്‍.

ഉന്നതരുടെ വീടുകളിലെത്തിയാണ് പണം സ്വീകരിച്ചതെന്നാണ് സ്വപ്നയുടെ മൊഴിയില്‍. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമാവും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഈ ഇടപാടുകളിലെ പങ്ക് പ്രത്യേകമായി അന്വേഷിക്കും. ശിവശങ്കറുമായി ചേര്‍ന്ന് മസ്‌കറ്റില്‍ ഐ.ടി കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഐ.എ.എസില്‍ നിന്ന് സ്വയംവിരമിക്കാനും ശിവശങ്കര്‍ തയ്യാറെടുത്തതായാണ് സൂചന.

അതിനിടെ, പേട്ടയിലെ ഫ്ളാറ്റില്‍ കൂടിക്കണ്ട ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതനു പുറമെ, മറ്റൊരു ഉന്നതന്‍ ഔദ്യോഗിക വസതിയില്‍ വച്ച്‌ ഡോളറടങ്ങിയ രണ്ട് സ്യൂട്ട്‌കേസ് കൈമാറിയെന്നും വിവരമുണ്ട്. സ്വപ്നയും കോണ്‍സുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകള്‍ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച്‌ ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് സൂചന. അര ഡസന്‍ ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.

ഷാര്‍ജയില്‍ അന്താരാഷ്ട്ര സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജന്‍സികളിലൂടെയും ബാങ്കുകള്‍ വഴിയുമാണ് അനധികൃതമായി ഡോളര്‍ സംഭരിച്ചത്. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ മറവില്‍ തട്ടിയെടുത്ത കോഴപ്പണമാണോ വിദേശത്തേക്ക് കടത്തിയതെന്ന് പ്രത്യേകം അന്വേഷിക്കും. 100 കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം

ഡോളർ കടത്തിയത് ആരുടെയൊക്കെ പണം, പണത്തിന്റെ സ്രോതസ് എന്താണ് , ഇത്രയുമധികം പണം എങ്ങനെ ഡോളറാക്കി, വിദേശത്ത് ആര്‍ക്കൊക്കെ പണം കൈമാറി, ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു, വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി എന്നിവയാണ് അന്വേഷിക്കുന്നത്.