
കോട്ടയം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് സ്വീകരിക്കാൻ നിർദേശം; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; കൈവിടരുത് ….!
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
ജില്ലയില്‍ ഈ മാസം 594 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ സ്വീകരിക്കണം.
പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് കഴിവതും ഒഴിവാക്കണം.
ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള രോഗപകര്‍ച്ചാ സാധ്യത കൂടിയ സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. കൈ കഴുകല്‍, അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളിലും ശ്രദ്ധവേണം.
പനി, ശ്വാസകോശ രോഗങ്ങള്‍, തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്തുന്നവരിലും ശസ്ത്രക്രിയ ഉള്ളവര്‍ അതിനു മുന്നോടിയായി നടത്തുന്ന പരിശോധനകളിലുമാണ് രോഗം സ്ഥിരീകരിക്കുന്നത്.
മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റില്‍ 24ല്‍ കൂടുതല്‍, രക്തത്തില്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചില്‍ നീണ്ടുനില്‍ക്കുന്ന വേദന അഥവാ മര്‍ദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടണം.