
വിതുര പീഡനക്കേസ്: വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാൻ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി കോടതയിൽ; അപേക്ഷയിൽ മേയ് ഏഴിന് കോടതി പ്രോസിക്യൂഷൻ വാദം കേൾക്കും
കോട്ടയം: വിതുര പീഡനക്കേസിൽ വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാൻ തന്നെ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നുമുള്ള ഒന്നാം പ്രതിയുടെ അപേക്ഷയിൽ കോടതി മേയ് ഏഴിന് പ്രോസിക്യൂഷൻ വാദം കേൾക്കും. കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) ഒന്നാം പ്രതിയാക്കി രജിസ്റ്റർചെയ്‌ത 24 കേസുകളിൽ 23 എണ്ണവും വിചാരണഘട്ടത്തിലാണ്.
ഒരു കേസിൽ ശിക്ഷ വിധിച്ചിരുന്നു. അതിൽ 24 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. വിചാരണയിലുള്ള 23 കേസുകളിലും കുറ്റം സമ്മതിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒറ്റ അപേക്ഷയാണ് പ്രതി കോടതിയിൽ നൽകിയത്.
ഓരോ കേസിലും വ്യത്യസ്‌ത അപേക്ഷ നൽകണമെന്നും അതിന്മേൽ വാദം കേൾക്കാമെന്നും വിചാരണക്കോടതി അറിയിച്ചു. 1995-ൽ വിതുര സ്വദേശിനിയായ പെൺകുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടിൽനിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറിയെന്നും എട്ടു മാസത്തിലേറെ നിരവധിപേർക്ക് കൈമാറി പീഡിപ്പിച്ചെന്നുമാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ആദ്യ കേസിലാണ് ഇപ്പോൾ വിചാരണ. കേസിൽ ഒന്നാംപ്രതി സുരേഷും രണ്ടാം പ്രതി മനോഹരനുമാണ്. കേസിന്റെ തുടക്കത്തിൽ ഒളിവിൽ പോയ സുരേഷിനെ പോലീസിന് പിടികൂടാനായില്ല. വിചാരണ പൂർത്തിയാക്കിയ കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടതറിഞ്ഞ് 18 വർഷത്തിനുശേഷമാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.
സുരേഷിനെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. 2019-ൽ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാസങ്ങൾക്കുശേഷം ഹൈദരാബാദിൽനിന്നാണ് പിടികൂടിയത്.
ഒന്നും രണ്ടും ഘട്ടങ്ങളിൽ നടന്ന വിചാരണയ്ക്കിടെ പെൺകുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു മൊഴി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരാകുന്നത്.