
സ്വന്തം ലേഖകൻ
കോട്ടയം: അഴിമതിയിൽ മുങ്ങിക്കുളിച്ച് കോട്ടയം നഗരസഭ. കോട്ടയത്തിന് സമീപമുള്ള മറ്റ് നഗരസഭകളിൽ വൻ വികസന കുതിപ്പ് ഉണ്ടാകുമ്പോൾ കോട്ടയം നഗരസഭ പടവലങ്ങ പോലെ താഴോട്ട് വളരുകയാണ്.
ആകെയുള്ള 140 ജീവനക്കാരിൽ 58 ജീവനക്കാരും സ്ഥലം മാറ്റത്തിന് അപേക്ഷ നല്കിക്കഴിഞ്ഞു. കൃത്യമായും നിയമപരമായും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് കോട്ടയത്തെന്ന് ജീവനക്കാർ പറയുന്നു. സെക്രട്ടറി ഇല്ലാത്തത് മുതലെടുത്ത് പല അനധികൃത ഇടപാടുകളും നഗരസഭയിൽ നടക്കുന്നതായും ജീവനക്കാർ രഹസ്യമായി സമ്മതിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായി ശമ്പളം കിട്ടുന്ന കോട്ടയം നഗരസഭയിൽ നിന്നും ജീവനക്കാർ പോകുന്നത് നഷ്ടത്തിലോടുന്നതും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്നതുമായ മറ്റ് നഗരസഭകളിലേക്കാണ്.
ശമ്പളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ജയിലിൽ പോകാൻ വയ്യെന്നാണ് ജീവനക്കാർ പറയുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട നിരവധി വിജിലൻസ് അന്വേഷണങ്ങളാണ് നഗരസഭയ്ക്കെതിരെ നടക്കുന്നത്.
തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുടെ പരാതിയിൻമേൽ രാജീവ് ഗാന്ധി മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലക്സിലെ ജോസ്കോ ജൂവലറിയുടെ കുറഞ്ഞ വാടക സംബന്ധിച്ചും, നഗരസഭയുടെ മൂലക്കല്ല് സ്വകാര്യഹോട്ടലുടമ കൈയ്യേറിയതടക്കമുള്ള നിരവധി പരാതികളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. നഗരസഭയുടെ ഫ്രണ്ട് ഓഫീസിന് സമീപം ഒന്നേകാൽ സെൻ്റ് സ്ഥലമാണ് ഹോട്ടലുടമ കൈയ്യേറിയത്
ഭരണ പ്രതിസന്ധി ഉണ്ടായിട്ടും ഒരു വർഷമായി നഗരസഭയിൽ സെക്രട്ടറിയില്ലന്നുള്ളതാണ് അതിശയോക്തി. പുതിയ സെക്രട്ടറിയെ കൊണ്ടുവന്ന് ഭരണം സുഗമമാക്കാനും, പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനും ഭരണപക്ഷത്തിനും സംസ്ഥാന ഭരണം കൈയ്യാളുന്ന പ്രതിപക്ഷത്തിനും താല്പര്യമില്ലാത്ത അവസ്ഥയാണ്.
സെക്രട്ടറി ഇല്ലാത്തതുമൂലം പല പദ്ധതികളും പാതി വഴിയിലാണ്. ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങളും, മെയിന്റനൻസ് വർക്കുകളും പാതിവഴിയിൽ നിശ്ചലമായി നില്ക്കുന്നു.
പദ്ധതി വിഹിതം നേടിയെടുക്കുന്നതിലടക്കം ഗുരുതരമായ വീഴ്ചയാണ് കോട്ടയം നഗരസഭയിൽ ഉണ്ടായിട്ടുള്ളത്.
നഗരത്തിൽ കുന്നുകൂടി കിടന്ന് ദുർഗന്ധം മൂലം വഴി നടക്കാനാവാത്ത സ്ഥിതിയിലെത്തിയ മാലിന്യം നീക്കം ചെയ്യാനും നാഗമ്പടത്തുള്ള മുനിസിപ്പൽ പാർക്ക് തുറക്കുന്നതിലുമടക്കം ഹൈക്കോടതി ഇടപെടൽ വേണ്ടി വന്നു. കോടതി ഇടപെട്ടാലേ കോട്ടയത്ത് എന്തേലും നടക്കൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.



