
കോട്ടയം : വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച കോട്ടയം നഗരസഭയിൽ അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് നൽകിയ പരാതി മുക്കി.
ശാസ്ത്രീ റോഡിൽ അധികൃതമായി വഴിവിളക്ക് സ്ഥാപിക്കുന്നതായി ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് 09/12/2024ന് നൽകിയ പരാതിയാണ് കിട്ടിയിട്ടില്ലെന്ന് നഗരസഭ അധികൃതർ പറയുന്നത്.
എന്നാൽ നഗരസഭയുടെ ഫ്രണ്ട് ഓഫീസിൽ പരാതി നൽകിയതിന്റെ കൈപ്പറ്റ് രസീത് കാണിച്ചപ്പോൾ വ്യക്തമായ മറുപടി തരാതെ ഉദ്യോഗസ്ഥർ ഉരുണ്ട് കളിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി വിധി 2018 ൽ വന്നതിനു പിന്നാലെ സംസ്ഥാന സർക്കാരും ഗവൺമെൻറ് ഓർഡർ ഇറക്കിയിരുന്നു. വഴിവിളക്ക് തൂണുകളിലെ പരസ്യങ്ങളിൽ നിന്നുള്ള വെളിച്ചം കണ്ണിൽ തട്ടി ഡ്രൈവർമാരുടെ കാഴ്ച മറയുമെന്നും വലിയ അപകടം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിധി ഉണ്ടായത്. ഈ വിധി കാറ്റിൽ പറത്തിയാണ് കോട്ടയം നഗരത്തിൽ നൂറുകണക്കിന് പരസ്യബോർഡുകൾ നിൽക്കുന്നത്.
ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് നഗരത്തിൽ അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി ചോദിച്ച് പിഡബ്ല്യുഡിക്ക് കത്തെഴുതിയത് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ആണ്. എന്നാൽ വൈദ്യുതി തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാണിച്ച് പിഡബ്ല്യുഡി മറുപടി നൽകി.
ഈ മറുപടിയും ഹൈക്കോടതി വിധിയേയും കൗൺസിൽ തീരുമാനത്തെയും മറികടന്നാണ് നഗരസഭാ സെക്രട്ടറി ബി അനിൽകുമാർ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സ്വകാര്യ പരസ്യകമ്പനിക്ക് അനുമതി നൽകിയത്.
ഈ ക്രമക്കേട് സംബന്ധിച്ചാണ് 09/12/2024ന് നഗരസഭയ്ക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെയും, വിജിലൻസിനെയും, സമീപിച്ചിരുന്നു. ഇതോടെയാണ് നഗരസഭയിൽ നിന്ന് പരാതി അപ്രത്യക്ഷമായത്. പരാതി കാണാതായതിനു പിന്നിൽ നഗരസഭാ സെക്രട്ടറി ആണെന്നാണ് ലഭിക്കുന്ന സൂചന.



