
സ്വന്തം ലേഖകൻ
കോട്ടയം: യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു യു.ഡി.എഫ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.
കെ പി സി സി നിർവാഹക സമിതിയംഗം ജെയ്ജി പാലക്കലോടി, മുൻ നഗരസഭ അംഗം ടിറ്റോ , മുസ്ലീം ലീഗ് പ്രവർത്തകൻ അൻസാരി , പുതുപ്പള്ളി പഞ്ചായത്തംഗം വർഗീസ് ചാക്കോ, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘർഷമുണ്ടായ ദിവസം രാത്രി തന്നെ ഇവരെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിനു പരിക്കേറ്റതിനെ തുടർന്നു അവധിയിൽ പോയി .
ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു കോട്ടയം ഡിവൈ.എസ്.പിയുടെ താല്കാലിക ചുമതല നൽകിയിട്ടുണ്ട്.
മറിയപ്പള്ളിയിൽ നിന്നും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് രാത്രിയിൽ പരിശോധന നടത്തി .
സംഘർഷത്തിനിടെ യുഡിഫ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടതിനെ തുടർന്നാണ് ഡിവൈഎസ്പി സന്തോഷ് കുമാറിന് പരിക്കേത്.
തുടർന്ന് പൊലീസ് ലാത്തിച്ചാർജ് തുടങ്ങുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്ക് ലാത്തിയടിയിൽ പരിക്കേറ്റിരുന്നു.
വൈശാഖിന്റെ കൈക്ക് പൊട്ടലുണ്ട്. രാഹുലിന്റെ തലയിൽ ഏഴ് തുന്നലുമുണ്ട്. പതിനഞ്ചോളം യുഡിഫ് പ്രവർത്തകർക്കും ഏറ്റുമാനൂർ എസ് എച്ച് ഒ രാജേഷ്കുമാറടക്കം നാല് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് ഈസ്റ്റ് എസ്എച്ച് ഒ യു. ശ്രീജിത്ത് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.