തുടർച്ചയായുള്ള സമരങ്ങളിൽ സ്തംഭിച്ച് കോട്ടയം കളക്‌ട്രേറ്റ്; കളക്‌ട്രേറ്റിൽ എത്തുന്ന ജനങ്ങൾ പെരുവഴിയിൽ; ഇന്നലെ നടന്ന സമരത്തിൽ പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു

Spread the love

സ്വന്തം ലേഖിക

കോട്ടയം: തുടർച്ചയായുള്ള സമരങ്ങളിൽ സ്തംഭിച്ച് കോട്ടയം കളക്‌ട്രേറ്റ്.

ജനദ്രോഹ ബഡ്ജറ്റിലും വെള്ളക്കര വര്‍ദ്ധനവിലും പ്രതിഷേധിച്ച്‌ ഇന്നലെ ജില്ലയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ചില്‍ വൻ സംഘര്‍ഷമാണ് ഉണ്ടായത്. പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഗാന്ധിസ്ക്വയറില്‍ നിന്നുള്ള മാര്‍ച്ച്‌ കളക്ട്രേറ്റ് കവാടത്തില്‍ ബാരിക്കേഡ് വെച്ച്‌ പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആണ് ഉദ്ഘാടനം ചെയ്തത്.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. വാട്ടര്‍ ബലൂണും എറിഞ്ഞു.

പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ചിന്റു കുര്യന്‍ ജോയി, ടോം കോര, വിഷ്ണു ചേമുണ്ടവള്ളി, തോമസ്കുട്ടി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ കെ.എസ്.യു കിടങ്ങൂര്‍ നിയോജകമണ്ഡലം സെക്രട്ടറി തോമസ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിരിയാന്‍ കൂട്ടാക്കാതെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കൊടിയും ചെരിപ്പും പട്ടിക കഷ്ണങ്ങളും എറിഞ്ഞു. കല്ലേറില്‍ കളക്ടറേറ്റിന്റെ പുതിയ കവാടത്തിലെ ബോര്‍ഡിന് കേടുപാടുകളുണ്ടായി.

തുടർച്ചയായി സമരങ്ങൾ നടക്കുകയും അതിൽ സംഘർഷമുണ്ടാവുകയും ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങളാണ് വലയുന്നത്. സമരങ്ങൾ കളക്ട്രേറ്റിൻ്റെ പ്രവർത്തനത്തെ ബാധിക്കുമ്പോൾ ജനങ്ങൾ അവരുടെ ആവശ്യങ്ങൾ സാധിക്കാനാകാതെ പ്രതിസന്ധിയിലാവുകയാണ്.