കോട്ടയത്ത് മൂന്നു പേർക്ക് കൊറോണ: സംസ്ഥാനത്ത് ഏഴു പേർക്ക്; കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്ക്; രോഗ വിമുക്തർ ഏഴു പേർ

കോട്ടയത്ത് മൂന്നു പേർക്ക് കൊറോണ: സംസ്ഥാനത്ത് ഏഴു പേർക്ക്; കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്ക്; രോഗ വിമുക്തർ ഏഴു പേർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയത്ത് മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് അടക്കം സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവർത്തകൻറെ മാതാവ്(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

നേരത്തെ ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി, കോട്ടയം മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ എന്നിവരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ആറു പേരും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സാ വിഭാഗത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രവറാണ്. മാർച്ച് 25ന് മഹാരാഷ്ട്രയിൽനിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യ വകുപ്പിൻറെ നിർദേശപ്രകാരം വീട്ടിൽ 28 ദിവസം ക്വാറൻറയിനിൽ പൂർത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുൻപാണ് ഷാർജയിൽനിന്ന് എത്തിയത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയതു പരിഗണിച്ചാണ് മാതാവിൻറെ സാമ്പിൾ എടുത്തത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.