video
play-sharp-fill
കോട്ടയം സ്വദേശിയായ കാപ്പകേസ് പ്രതിയെ കമ്പിപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് പിടിയിൽ; ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴി

കോട്ടയം സ്വദേശിയായ കാപ്പകേസ് പ്രതിയെ കമ്പിപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് പിടിയിൽ; ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴി

ആലപ്പുഴ: കാപ്പ കേസ് പ്രതിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പോലീസിന്റെ പിടിയില്‍. എരമല്ലൂര്‍ എന്‍വീസ്‌ ബാറിനു സമീപമുള്ള പൊറോട്ട കമ്പനിയില്‍ വിതരണജോലി ചെയ്യുന്ന കോട്ടയം മണര്‍കാട്‌ സ്വദേശി ജയകൃഷ്‌ണനെ(24)യാണ്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. കോടംതുരുത്ത്‌ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ പുന്നവേലി നികര്‍ത്തുവീട്ടില്‍ പ്രേംജിത്ത്‌ (23) ആണ്‌ അരൂര്‍ പോലീസിന്റെ പിടിയിലായത്‌.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ എരമല്ലൂരിലെ ത്രീസ്‌റ്റാര്‍ എന്ന പൊറോട്ട കമ്പനിയിലായിരുന്നു കൊലപാതകം. പൊറോട്ട വിതരണം ചെയ്യുന്ന വാഹനത്തില്‍ ജയകൃഷ്‌ണന്റെ സഹായിയാണ്‌ പ്രതിയായ പ്രേംജിത്ത്‌.

വിവിധ സ്‌റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്ന ജയകൃഷ്‌ണന്‍ കോട്ടയം ജില്ലയില്‍നിന്നു കാപ്പ നിയമപ്രകാരം നാട്ടുകടത്തിയതിനെത്തുടര്‍ന്നാണ്‌ എരമല്ലൂരില്‍ ജോലിക്കു കയറിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമിച്ചു വിതരണത്തിനു പോകുമ്പോള്‍ പ്രേംജിത്തിനെ ജയകൃഷ്‌ണന്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി പറയപ്പെടുന്നു. ഈ കാരണങ്ങള്‍കൊണ്ടുള്ള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ്‌ പറഞ്ഞു.

കമ്പനിയില്‍ ജോലിക്കാര്‍ വിശ്രമിക്കുന്ന വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ജയകൃഷ്‌ണനെ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട്‌ തലക്കടിച്ചും കത്തികൊണ്ടു മുതുകത്തു കുത്തിയുമാണ്‌ കൊലപ്പെടുത്തിയത്. കൊലപാതകശേഷം മുറിയില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ പോലീസ്‌ കണ്ടെത്തി.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്‌ത്രീയ പരിശോധനയുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണമാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്‌. കസ്‌റ്റഡിയിലുള്ള പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്‌. അരൂര്‍ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌. ഷിജുവിന്റെയും സബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഗീതുമോളുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ അനില്‍കുമാര്‍, സാജന്‍, ബൈജു, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെകറ്റര്‍മാരായ സുധീഷ്‌ ചന്ദ്രബോസ്‌, വിനോദ്‌, പോലീസ്‌ ഉദ്യോഗസ്‌ഥരായ ശ്രീജിത്ത്‌, വിജേഷ്‌, രതീഷ്‌, നിധീഷ്‌, ശ്യാംജിത്ത്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ജയകൃഷ്‌ണന്റെ മൃതദേഹം പോലീസ്‌ നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ്‌ അറിയിച്ചു.