കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും അയ്യപ്പശാപമോ..? കെ.സുരേന്ദ്രനെയും വത്സൻ തില്ലങ്കേരിയെയും സിപിഎമ്മിനെയും പിൻതുടരുന്ന ശാപം ഹരിശങ്കറിനും പിന്നാലെ; നീലിമംഗലം പാലത്തിനു പിന്നാലെ ഹരിശങ്കറിന്റെ ഭാര്യ എം.ഡിയായ ശ്രീധന്യ കൺസ്ട്രക്ഷൻസ് നിർമ്മിച്ച വെറ്റില മേൽപ്പാലത്തിനും ബലക്ഷയം; പാലാരിവട്ടത്തിന് പിന്നാലെ കൊച്ചിയിലെ രണ്ടാം പാലവും അപകടാവസ്ഥയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല അയ്യപ്പന്റെ ശാപം, സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കിയ ഓരോരുത്തരെയായി വിടാതെ പിൻതുടരുകയാണ്. ശബരിമല സന്നിധാനത്ത് പിൻഭാഗം തിരിഞ്ഞു നിന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി വണ്ടിയിൽ നിന്നും തലകുത്തി മറിഞ്ഞപ്പോൾ, സമരങ്ങൾക്കെല്ലാം മുന്നിൽ നിന്ന കെ.സുരേന്ദ്രൻ ദിവസങ്ങളോളം ജയിലിൽ കഴിയുകയും, തിരഞ്ഞെടുപ്പിൽ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. അയ്യപ്പൻമാരെ തടയുകയും, സ്ത്രീകളെ മലകയറ്റാൻ മുൻകൈ എടുക്കുകയും ചെയ്ത സിപിഎമ്മിനും സർക്കാരിനും നിരന്തരം തിരിച്ചടി കിട്ടുകയുമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സർക്കാർ നേതൃത്വം നൽകുന്ന മുന്നണി എട്ടു നിലയിൽ പൊട്ടിയപ്പോൾ, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് മക്കൾ മാഹാത്മ്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
ഇത്തരത്തിൽ ഓരോരുത്തരായി അയ്യപ്പന്റെ ശാപത്തിന് മുന്നിൽപ്പെട്ട് കുഴയുമ്പോൾ ഈ പട്ടികയിലേയ്ക്ക് മറ്റൊരാൾ കൂടി കടന്നു വരികയാണ്. ശബരിമലയിലേയ്ക്ക് യുവതികളെ എത്തിക്കാൻ ആളും അർധവും നൽകി സഹായിച്ച മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയും, ഇപ്പോൾ കൊല്ലം റൂറൽ എസ്.പിയുമായ ഹരിശങ്കർ. ഹരിശങ്കറിന്റെ ഭാര്യ മാനേജിംങ് ഡയറക്ടറായ ശ്രീധന്യ കൺസ്ട്രക്ഷൻസാണ് ഇപ്പോൾ പുതിയ കുരുക്കിൽപ്പെട്ടിരിക്കുന്നത്. നേരത്തെ എം.സി റോഡിൽ സംക്രാന്തി ജംഗ്ഷനിലെ നീലിമംഗലം പാലം നിർമ്മിച്ചത് ശ്രീധന്യ കൺസ്ട്രക്ഷൻനായിരുന്നു. എന്നാൽ, പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പാലം അടച്ചിടുകയായിരുന്നു. എന്നാൽ, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പാലത്തിന്റെ ബലക്ഷയം മാറുകയും പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു. ഇതിനു ശേഷം പാലാരിവട്ടം പാലം ബലക്ഷയം ചർച്ചയാകുകയും, ബോംബ് വച്ചിട്ടു പോലും തകർക്കാൻ സാധിക്കാത്ത നാഗമ്പടം പാലത്തിന്റെ വിഷയം കേരളം മുഴുവൻ നോക്കിക്കാണുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ പുതിയ വിവാദം കത്തിപ്പടരുന്നത്.
ശ്രീധന്യ കൺസ്ട്രക്ഷൻസ് നിർമ്മാണം ഏറ്റെടുത്ത വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പുതിയ പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നത്. വൈറ്റില മേൽപ്പാലത്തിൽ അടുത്തിടെ നടത്തിയ മൂന്ന് കോൺക്രീറ്റിങ്ങുകളിൽ മതിയായ ഗുണനിലവാരമില്ലെന്നാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ റിപ്പോർട്ട് നൽകിയതോടെയാണ് വിവാദം കത്തിപ്പടരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മാണം താല്കാലികമായി നിർത്തി വയ്‌ക്കേണ്ടി വരും. എന്നാൽ, ഇത്തരത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശിച്ച ഐ.എസ് കോഡ് പ്രകാരമുള്ള ഗുണനിലവാരം മേൽപ്പാലത്തിന് ഇല്ലെന്നാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം നൽകിയ റിപ്പോർട്ടിൽ ഉള്ളത്. കുണ്ടന്നൂർ സൈഡിലുള്ള ഒരു സ്ലാബ്, മധ്യഭാഗത്തുള്ള ഒരു പിയർ ക്യാപ്പ്, ഇടപ്പള്ളി സൈഡിലുള്ള ഒരു ഗർഡർ എന്നിവയുടെ കോൺക്രീറ്റിന് നിലവാരമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, വൈറ്റില മേൽപ്പാലം നിർമ്മിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൗസിംങ് നിശ്ചയിക്കുന്ന സ്‌പെസിഫിക്കേഷൻ അനുസരിച്ചാണെന്നാണ് പൊതുമരാമത്ത് വകുപ്പ് എ്ൻ.എ്ച്ച് വിഭാഗം പറയുന്നത്. ഇത് അനുസരിച്ചുള്ള ഗുണനിലവാരം ഈ കോൺക്രീറ്റിനും ഉണ്ടെന്നും ഇവർ പറയുന്നു. ക്വാളിറ്റി കൺട്രോളിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എം.എ കോളേജിലെ സിവിൽ എൻജിനീയറിംങ് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പാലത്തിന്റെ കോൺക്രീറ്റിംങിന് മതിയായ ഗുണനിലവാരം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്വാളിറ്റി കൺട്രോളിന്റെ പരിശോധനയിൽ മൂന്നാം കക്ഷിയെ കൊണ്ടു പരിശോധിപ്പിക്കണമെന്ന് ചട്ടമുണ്ട്. മൂന്നാം കക്ഷി നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയിട്ടില്ലെന്ന് ക്വാളിറ്റി കൺട്രോളറെ ബോധ്യപ്പെടുത്തിയതുമാണ്. പിന്നീട് എന്താണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്ത് വിട്ടത് എന്ന് അറിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിന്റെ വിശദീകരണം. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശീതസമരമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് വാദം ഉയരുന്നത്. മേൽപ്പാലം നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായ ശേഷമാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ഇത് ഏത് രീതിയിൽ നിർമ്മാണത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.