
കോട്ടയം: കോട്ടയം ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ ഏപ്രില്‍ 16 വ്യാഴാഴ്ച വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഉദയനാപുരം പഞ്ചായത്തില്‍ പതിനാറാം വാർഡിലാണ് പക്ഷിപ്പനി(എച്ച്5 എൻ 1) സ്ഥിരീകരിച്ചത് .പുത്തൻകരിയില്‍ പിഡി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 1200 ഓളം കോഴികള്‍ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കള്ളിങ് (പക്ഷികളെ കൊന്നൊടുക്കല്‍) നടത്തുക. സമീപത്തെ മറ്റ് മൂന്ന് ഫാമുകളിലെ 6500 ഓളം വളർത്തുപക്ഷികളെയാണ് കൂട്ടത്തോടെ നശിപ്പിക്കുക.
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പികെ മനോജ് കുമാർ പറഞ്ഞു.
പക്ഷികളില്‍ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണം. അസ്വാഭാവികമായി മരിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും നിർദേശം ഉണ്ട്.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദയനാപുരം പഞ്ചായത്തിനുപുറമേ വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ തദ്ദേശഭരണ സ്ഥാപനമേഖലകളില് താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികള്‍ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്ന് ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു.
വളർത്തുപക്ഷികള്‍, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലക്ക് പുറത്തേക്കോ പുറത്തുനിന്ന് അകത്തേക്കോ കൊണ്ടുവരുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. അടുത്തിടെ ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ഏഴാം വാർഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ ആറായിരം വളർത്തുപക്ഷികളെയാണ് കൊന്ന് നശിപ്പിച്ചിച്ചത്. ഫെബ്രുവരിയില്‍ കോട്ടയം നഗരസഭാ പരിധിയിലെ 37, 38 വാർഡുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ചതുപ്പുനിലങ്ങളിലും പാടങ്ങളിലുമെത്തുന്ന ദേശാടന പക്ഷികളുടെ കാഷ്ഠത്തിലൂടെയാണ് പക്ഷിപ്പനി വൈറസ് വളർത്തുപക്ഷികളിലേക്ക് പടരുന്നതെന്നാണ് നിഗമനം.



