video
play-sharp-fill

കോട്ടയം ജില്ലയിൽ ആർപ്പൂക്കരയിലും തലയാഴത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം പക്ഷികളെ നാളെ ദയാവധം നടത്തും; പത്ത് കിലോമീറ്റർ ചുറ്റളവിൽ മൂന്നുദിവസത്തേക്ക്  മുട്ട, ഇറച്ചി വിൽപന  നിരോധിച്ചു

കോട്ടയം ജില്ലയിൽ ആർപ്പൂക്കരയിലും തലയാഴത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം പക്ഷികളെ നാളെ ദയാവധം നടത്തും; പത്ത് കിലോമീറ്റർ ചുറ്റളവിൽ മൂന്നുദിവസത്തേക്ക് മുട്ട, ഇറച്ചി വിൽപന നിരോധിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ട്രേറ്റിൽ കൂടിയ അടിയന്തര യോഗത്തിൽ കളക്ടർ നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റർ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കോഴി/താറാവ്/മറ്റുവളർത്തുപക്ഷികൾ എന്നിവ അസാധാരണമായി മരണപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.

കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ്, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് നിരീക്ഷണമേഖലയിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.

എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശാടനപക്ഷികൾ, കടൽപക്ഷികൾ എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്.

സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം.
ആർപ്പൂക്കരയിലും തലയാഴത്തും രാവിലെ 8.30 മുതൽ പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് ദ്രുതകർമ ടീമുകളാണ് രോഗബാധയുളള പ്രദേശത്തെ പക്ഷികളെ സംസ്‌കരിക്കുക.

തലയാഴം ഗ്രാമപഞ്ചായത്തിൽ മൂന്നും ആർപ്പൂക്കരയിൽ രണ്ടും സംഘങ്ങളായി തിരിഞ്ഞായിരിക്കും ദ്രുതകർമസേനയുടെ പ്രവർത്തനം.
മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുജോൺ, ജില്ലാ മൃഗസംരക്ഷ ഓഫീസർ ഷാജി പണിക്കശേരി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.