കോട്ടയത്ത് കോളടിച്ച് ബാറുകൾ: ബിവ്ക്യു വന്ന ആദ്യ ദിനം വിറ്റത് 20 ലക്ഷം രൂപയ്ക്കു മുകളിൽ മദ്യം; ബിവറേജുകളിൽ ശരാശരി എട്ടു ലക്ഷം മാത്രം; 30 ലക്ഷം വിൽക്കുന്ന ചങ്ങനാശേരിയിൽ വിറ്റത് എട്ടു ലക്ഷത്തിന്റെ മദ്യം മാത്രം

കോട്ടയത്ത് കോളടിച്ച് ബാറുകൾ: ബിവ്ക്യു വന്ന ആദ്യ ദിനം വിറ്റത് 20 ലക്ഷം രൂപയ്ക്കു മുകളിൽ മദ്യം; ബിവറേജുകളിൽ ശരാശരി എട്ടു ലക്ഷം മാത്രം; 30 ലക്ഷം വിൽക്കുന്ന ചങ്ങനാശേരിയിൽ വിറ്റത് എട്ടു ലക്ഷത്തിന്റെ മദ്യം മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ് 19 ന്റെ ലോക്ക് ഡൗണിനു ശേഷം കളത്തിലെത്തിയ ബിവ് ക്യൂ ആപ്പിൽ കോളടിച്ചത് ബാറുകൾക്ക്. ആവശ്യത്തിനു മദ്യം സ്‌റ്റോക്ക് ഉണ്ടായിരുന്ന ജില്ലയിലെ ബാറുകൾ ആദ്യ ദിവസം വിറ്റഴിച്ചത് 20 ലക്ഷം മുതൽ 25 ലക്ഷം രൂപയുടെ മദ്യം. ഒരു ബാറിൽ ശരാശരി 20 ലക്ഷം രൂപയുടെയെങ്കിലും മദ്യം വിറ്റിട്ടുണ്ടെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്ക്. അന്തിമ കണക്കുകൾ വൈകുന്നേരത്തോടെ മാത്രമേ പുറത്തു വരൂ.

എന്നാൽ, ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകൾ വഴിയുള്ള മദ്യത്തിന്റെ വിൽപ്പനയിൽ വൻ കുറവ് വന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ചങ്ങനാശേരിയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ ലോക്ക് ഡൗണിനു മുൻപുള്ള പ്രതിദിന വിൽപ്പന 30 ലക്ഷം രൂപയുടേതായിരുന്നു. എന്നാൽ, വ്യാഴാഴ്ച ആകെ വിറ്റു പോയത് എട്ടു ലക്ഷം രൂപയുടെ മദ്യം മാത്രമാണ്. പ്രതിദിനം 25 മുതൽ 35 ലക്ഷം രൂപ വരെ വിറ്റിരുന്ന നഗരത്തിലെ നാഗമ്പടത്തെ ബിവറേജിലും വിൽപ്പന ഏഴു മുതൽ എട്ടു ലക്ഷം വരെയായി. ബാറുകളിൽ മദ്യ വിൽപ്പന കൂടിയതാണ് ബിവറേജിനു തിരിച്ചടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെവ് ക്യൂ ആപ്പ് പൊളിഞ്ഞതോടെ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചാണ് ജില്ലയിൽ മദ്യ വിൽപ്പന നടന്നത്. ആപ്പും ടോക്കണുമില്ലാതെ എത്തുന്നവർക്കെല്ലാം ജില്ലയിലെ ബാറുകളിൽ നിന്നും മദ്യം ലഭിച്ചിരുന്നു. എന്നാൽ, വിലക്കുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ ആവശ്യത്തിനു ലഭിക്കാതെ വന്നതോടെ പലയിടത്തും നേരിയ തർക്കമുണ്ടായി. എന്നാൽ, ആദ്യദിനമുണ്ടായ തിരക്ക് ഒരിടത്തും ഉണ്ടായതുമില്ല.

വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ വഴിയും ബാറുകൾ വഴിയും മദ്യവിൽപ്പന ആരംഭിച്ചത്. ആദ്യ ദിവസം പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും , ടോക്കൺ ലഭിക്കുകയും മദ്യശാലകൾ വഴി കൃത്യമായി മദ്യം വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമല്ലാതെ ആയതോടെയാണ് സ്ഥിതി ഗുതരമായത്. രാവിലെ മുതൽ ആപ്പിൽ കയറി നോക്കിയ പലർക്കും മദ്യം വാങ്ങാൻ ടോക്കൺ ലഭിച്ചില്ല. എസ്.എം.എസും കാര്യമായി പ്രവർത്തിച്ചിരുന്നില്ല.

ടോക്കൺ ലഭിച്ചവർക്കു മാത്രമാണ് ബാറിലേയ്ക്കു പ്രവേശനം ഉള്ളൂ എന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയിലെ പല ബാറുകളിലും നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആർക്കും കയറാം , ആർക്കും വാങ്ങാം എന്ന സ്ഥിതിയായിരുന്നു. ഇതിനിടെ ബാറുകളിൽ പലതിലും മദ്യം ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടായില്ലെന്ന പരാതിയും ഉയർന്നു.

ജനപ്രിയവും, വിലകുറഞ്ഞതുമായ ബ്രാൻഡുകളിൽ പലതും ബാറുകളിൽ ലഭിച്ചിരുന്നില്ലെന്നതും പരാതി ഉയർത്തി. ബിവറേജുകളിലേയ്ക്കു ടോക്കൺ ലഭിക്കുന്നതേയില്ലായിരുന്നു. ഇതിനാൽ ബിവറേജുകളിൽ താരതമ്യേന തിരക്ക് കുറവായിരുന്നു.