
സ്വന്തം ലേഖകൻ
കോട്ടയം : കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. അതിരമ്പുഴ ഓണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) എന്നയാൾക്കെതിരെയാണ് വീണ്ടും കാപ്പാ നിയമനടപടി സ്വീകരിച്ചത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, മേലുകാവ്, പാലാ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വില്പന, അടിപിടി, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരെ കഴിഞ്ഞ സെപ്തംബറില്‍ ജില്ലാ പോലീസ് ആറു മാസക്കാലത്തേക്ക് കാപ്പാ നിയമ നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ഏപ്രിൽ മാസം മോചിതനായ ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും, പാലായിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഇയാൾക്കെതിരെ വീണ്ടും കാപ്പാ നിയമനടപടിക്ക് ശുപാർശ നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോള്‍ ഇയാളെ വീണ്ടും കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.