മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണതിന് പിന്നാലെ ആകാശപാത എന്ന് വീഴുമെന്ന് ചോദിച്ച് കോട്ടയംകാർ; ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയ കോട്ടയത്തെ ആകാശപാതയ്ക്ക് ഊരാക്കുടുക്കായി ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട്; ആകാശപാതയുടെ ബല പരിശോധന നടത്തിയത് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയേ തുടർന്ന്; ആകാശപാത പൊളിച്ച് മാറ്റണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിന്മേൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എ കെ ശ്രീകുമാർ

Spread the love

കോട്ടയം:  മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ദാരുണമായി മരിച്ചതിന് പിന്നാലെ കോട്ടയത്തെ ആകാശപാത എന്ന് വീഴുമെന്ന് ചോദിച്ച് ഭയപ്പാടോടെ  കോട്ടയംകാർ.

ഇതോടെ  ആകാശപാത പൊളിച്ചു മാറ്റുകയോ , ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പണി തീർത്ത് തുറന്നു കൊടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലെ വിശദാംശങ്ങളും ആകാശപാത എന്ന് പൊളിച്ചുമാറ്റുമെന്നും അന്വേഷിച്ച് നിരവധി ഫോൺ കോളുകളാണ് തേർഡ് ഐ യുടെ ഓഫീസിലേക്ക് എത്തുന്നത്

ഇതേ തുടർന്ന് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ എ കെ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ് കുമാറിനും കത്ത് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗര മധ്യത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും, സർക്കാരും ഒരു ഭാഗത്തും കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും
കോൺഗ്രസും
മറുഭാഗത്തും നേർക്കുനേർ നിൽക്കുമ്പോൾ  തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ നടത്തിയ അന്വേഷണത്തിൽ
ആകാശപാതയ്ക്ക് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് പുറത്തുവന്നു.  ആകാശപാതയുടെ മേൽക്കൂരയ്ക്ക് ബലക്ഷയം ഉണ്ടെന്നാണ് വിദഗ്ധസമിതി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ട്. ഇതോടെയാണ് ആകാശപാതയുടെ തുടർ നിർമ്മാണം ത്രിശങ്കുവിലായത്.

ആകാശപാതയുടെ ബലപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻ മേൽ പാലക്കാട് ഐഐടി യും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെൻ്ററും ചേർന്ന് ബലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിലാണ് ആകാശപാതയ്ക്ക് ബലക്ഷയമെന്ന കണ്ടെത്തലുള്ളത്

കഴിഞ്ഞ ഒൻപത് വർഷമായി നഗരമധ്യത്തിൽ നിൽക്കുന്ന ആകാശപാതയുടെ തുരുമ്പെടുത്ത ഇരുമ്പ് തുണുകളും മറ്റും ഇനി എന്തു ചെയ്യുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പദ്ധതിയുടെ ബാക്കി നിർമാണങ്ങൾ നടത്തുന്നതിനായി ഏറ്റെടുക്കേണ്ടിയിരുന്ന സിഎസ്ഐ സഭയുടെ സ്ഥലം, ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ സ്ഥലം, വിദ്യാർത്ഥി മിത്രത്തിന് സമീപമുള്ള സ്ഥലം, വൈഎംസിഎയുടെ സ്ഥലം ഇവയൊന്നും വിട്ടുകിട്ടിയില്ല. ഈ സ്ഥലങ്ങളൊക്കെ വിലയ്ക്ക് എടുത്ത് പദ്ധതി പൂർത്തീകരിക്കണമെങ്കിൽ കോടിക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ ആകാശപാതയുടെ പണി പൂർത്തീകരിക്കാൻ 17.9 കോടി രൂപ വേണമെന്നും, ഈ പണം മുടക്കി ആകാശപാത നിർമിച്ചാലും കോട്ടയത്തിന്റെ തുടർവികസനത്തിന് ആകാശപാത തടസ്സമാകുമെന്നും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു.

ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയ കോട്ടയത്തെ ആകാശപാതയ്ക്ക് ഊരാക്കുടുക്കായി ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് വന്നതോടെ ഫലത്തിൽ
2.10 കോടി രൂപ ചിലവഴിച്ച് നിർമാണം തുടങ്ങിയ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്ന് ഉറപ്പായി.
പൊതു ഖജനാവിലെ പണത്തിന്റെ ദുർവ്യയത്തിന്റെ അടയാളമായി കോട്ടയത്തെ ആകാശപാത മാറും.

സംസ്ഥാന സർക്കാർ,  കോട്ടയം ജില്ലാ കളക്ടർ, റോഡ് സേഫ്റ്റി അതോറിറ്റി , കിറ്റ്കോ,   പിഡബ്ല്യുഡി  എന്നിവരാണ് തേർഡ് ഐ  ന്യൂസ് നൽകിയിട്ടുള്ള ഹർജിയിലെ എതിർകക്ഷികൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കേസിൽ കക്ഷി ചേർന്നിരുന്നു.