video
play-sharp-fill

ഭാര്യയെ വെട്ടിക്കൊന്ന പങ്കാളി കൈമാറ്റ കേസിലെ പ്രതി കഴിച്ചത് ആണവ വികിരണ ശേഷിയുള്ള വിഷം; റേഡിയേഷന്‍ ഭീതിയില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ചികില്‍സയ്ക്ക് എത്തിയത് പിപിഇ കിറ്റ് ധരിച്ച്‌; ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തലും നടന്നില്ല; ആ വിഷം വാങ്ങിയത് ഓണ്‍ലൈനില്‍; ഗൂഢാലോചനയ്ക്ക് പിന്നില്‍ വൈഫ് സ്വാപ്പിങ് മാഫിയ?

ഭാര്യയെ വെട്ടിക്കൊന്ന പങ്കാളി കൈമാറ്റ കേസിലെ പ്രതി കഴിച്ചത് ആണവ വികിരണ ശേഷിയുള്ള വിഷം; റേഡിയേഷന്‍ ഭീതിയില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ചികില്‍സയ്ക്ക് എത്തിയത് പിപിഇ കിറ്റ് ധരിച്ച്‌; ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തലും നടന്നില്ല; ആ വിഷം വാങ്ങിയത് ഓണ്‍ലൈനില്‍; ഗൂഢാലോചനയ്ക്ക് പിന്നില്‍ വൈഫ് സ്വാപ്പിങ് മാഫിയ?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സമൂഹമാധ്യമത്തിലൂടെ പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ പരാതിക്കാരിയെ വെട്ടിക്കൊന്നെന്നു പൊലീസ് സംശയിക്കുന്ന ഭര്‍ത്താവ് വിഷം ഉള്ളില്‍ച്ചെന്നു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലും ദുരൂഹത. പങ്കാളി കൈമാറ്റ കേസിലെ മറ്റ് പ്രതികള്‍ക്ക് കൊലയിലും മരണത്തിലും പങ്കുണ്ടോ എന്നാണ് ഉയരുന്ന സംശയം.

നെടുമാവ് പുളിമൂട്ടില്‍ ഷിനോ മാത്യു (32) ആണു മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് മരണം. മെയ്‌ 19നു രാവിലെയാണു ഷിനോയുടെ ഭാര്യ ജൂബിയെ (28) മണര്‍കാട് മാലത്തെ വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരകോശങ്ങളെ നശിപ്പിക്കുന്ന ആണവ വികിരണശേഷിയുള്ള (റേഡിയോ ആക്ടീവ്) പദാര്‍ഥം ഉള്ളില്‍ച്ചെന്നാണു മരണമെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസിലെ മുഖ്യപ്രതിയാണു ഷിനോ. ഇരയും പ്രതിയും മരിച്ചതോടെ പഴയ പങ്കാളി കൈമാറ്റ കേസും അപ്രസക്തമായി.

ഷിനോ മാത്യു മരിച്ചത് റേഡിയേഷൻ വിഷം കാരണമാണോ എന്ന് രക്തസാമ്ബിള്‍ പരിശോധനയുടെ ഫലം ലഭ്യമായാലേ സ്ഥിരീകരിക്കാനാവൂ. ആശുപത്രിയില്‍വെച്ച്‌ ഇയാള്‍ തന്നെയാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈനിലാണ് വാങ്ങിയത്. ഇത് എത്തിച്ച കൊറിയര്‍ കമ്ബനിയിലെ ജീവനക്കാരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.

റേഡിയേഷനുള്ളതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷ്മതയോടെയാണ് ഇയാളെ കൈകാര്യം ചെയ്തത്. ഐസൊലേഷൻ വാര്‍ഡിലാണ് ചികിത്സിച്ചിരുന്നത്. എന്നാല്‍, ഈ വിഷം വ്യക്തികള്‍ക്ക് വാങ്ങാൻ ലഭിക്കുന്നതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഭാര്യ കൊല്ലപ്പെട്ട അന്ന് വൈകിട്ടാണു വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ഷിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും പിപിഇ കിറ്റ് ധരിച്ചാണു ഷിനോയെ പരിചരിച്ചിരുന്നത്. റേഡിയേഷൻ ഭീതി ഉണ്ടായിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം കേസിനെ ബാധിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആണവ വികിരണ ശേഷിയുള്ള വിഷം കിട്ടുക ബുദ്ധിമുട്ടാണ്. ഇതെല്ലാം ഈ കേസിനെ ദുരൂഹമായി മാറ്റുന്നു. ഷിനോയേയും ആരെങ്കിലും കൊന്നതാണോ എന്ന സംശയം സജീവമാണ്.

ഓണ്‍ലൈനിലൂടെ വാങ്ങിയ രാസവസ്തു ഉപയോഗിച്ച്‌ ഭാര്യയെയും മക്കളെയും വകവരുത്താനും ഷിനോ ശ്രമിച്ചതായി അന്വേഷണസംഘം പറയുന്നു. ഭാര്യ ജൂബിയുടെ വീട്ടില്‍ ഇതിനായി ഷിനോ പോയിരുന്നു. ജൂബി കൊല്ലപ്പെട്ടതിന്റെ തലേദിവസമായിരുന്നു ഇത്. വീട്ടിലെ ജലസംഭരണയില്‍ രാസവസ്തുകലര്‍ത്തുകയായിരുന്നു ലക്ഷ്യം. വെള്ളത്തില്‍ രാസവസ്തു കലര്‍ത്തുന്നതെങ്ങനെ, എത്ര അളവില്‍ കലര്‍ത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചിരുന്നതായി ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മറ്റാരോ ഇതിനായി ഷിനോയെ ഉപദേശിച്ചുവെന്ന സംശയവുമുണ്ട്. എന്നാല്‍ ഇതിന് തെളിവുമില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സമര്‍ത്ഥമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. രാസവസ്തുവിന് 36,000 രൂപയായിരുന്നു ഒരു ബോട്ടിലിനു വിലയെന്നും 18,000 രൂപ നേരിട്ടും ബാക്കി ഓണ്‍ലൈനായുമാണ് അടച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിനോയുടെ ഫോണ്‍ പരിശോധന പൂര്‍ത്തിയായി വരികയാണെന്നും പൊലീസ് പറഞ്ഞു.
ജൂബി പേര് വെളിപ്പെടുത്താതെ യൂട്യൂബില്‍ പങ്കുവെച്ച അനുഭവങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ പങ്കാളികളെ ലൈംഗിക ബന്ധത്തിന് കൈമാറുന്ന നിരവധി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജൂബിയുടെ മൊഴികളില്‍നിന്ന് വ്യക്തമായിരുന്നെങ്കിലും ആരും പരാതിയുമായി മുന്നോട്ടുവരാത്തതിനാല്‍ കേസ് പാതിവഴിയില്‍ നിലക്കുകയായിരുന്നു. യൂട്യൂബിലെ വെളിപ്പെടുത്തല്‍ കണ്ട ബന്ധുക്കള്‍ സംശയം തോന്നി അന്വേഷിച്ചു. തുടര്‍ന്ന് ജൂബി വീട്ടുകാര്‍ക്കൊപ്പം മണര്‍കാട്ടെ വീട്ടിലേക്കുപോന്നു.

പൊലീസിന് യുവതി നല്‍കിയ പരാതിയില്‍ ഒമ്ബതുപേര്‍ക്കെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുക്കുകയും ഷിനോ അടക്കം ഏഴുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഷിനോ മാപ്പുപറഞ്ഞശേഷം ജൂബിയെ തിരിച്ചുകൊണ്ടുപോയെങ്കിലും വീണ്ടും ഇയാള്‍ഇയാള്‍ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. പലതവണ ഇതിന്റെ പേരില്‍ ജൂബി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടുമാസം മുമ്ബാണ് അവസാനമായി പോന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ കൊലപ്പെടുത്തി എന്നാണു കരുതുന്നത്.

സംഭവസമയത്ത് ജൂബി വീട്ടില്‍ ഒറ്റക്കായിരുന്നു. അടുത്ത വീട്ടില്‍ കളിക്കാൻപോയ മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് വെട്ടേറ്റുകിടക്കുന്ന യുവതിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്ന് രാവിലെ ഷിനോയെ വീടിന് പരിസരത്ത് കണ്ടിരുന്നതായി പൊലീസിന് മൊഴിലഭിച്ചിരുന്നു. കങ്ങഴയില്‍ വാടകക്ക് താമസിച്ചിരുന്ന ഇയാള്‍ കേസിനുശേഷം ചങ്ങനാശ്ശേരി പെരുമ്ബനച്ചിക്ക് താമസം മാറ്റിയിരുന്നു. ഇവിടെവച്ചാണ് വിഷംകഴിച്ചത്. ഡിസ്ചാര്‍ജായ ശേഷം ചോദ്യംചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.

Tags :