നടപടിക്രമങ്ങളുടെയും സാങ്കേതികതയുടേയും പേരില്‍ ചുവപ്പുനാടയില്‍ കുരുങ്ങിപ്പോയ സര്‍ക്കാര്‍ സഹായങ്ങള്‍ മുതല്‍ വഴിത്തര്‍ക്കം വരെയുള്ള സാധാരണമനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമൊരുക്കി കോട്ടയം ജില്ലയിലെ താലൂക്ക് ആദാലത്തിനു തുടക്കം.
സ്വന്തം ലേഖകൻ
കോട്ടയം :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്ത് ഇന്നലെ കോട്ടയം താലൂക്കില്‍ സംഘടിപ്പിച്ചപ്പോള്‍ 608 അപേക്ഷകളാണ് പരിഗണിച്ചത്.
ഇതില്‍ 287 പരാതികള്‍ക്കും സഹകരണ -രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നല്‍കിയ അദാലത്ത് അന്തിമ തീര്‍പ്പൊരുക്കി. ബാക്കി പരാതികളില്‍ വേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈനായി ലഭിച്ച 608 പരാതികള്‍ക്കു പുറമേ ഇന്നലെ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ അദാലത്ത് വേദിയില്‍ എത്തിയവരില്‍ നിന്നുള്ള 68 പുതിയ പരാതികളും സ്വീകരിച്ചിരുന്നു. ഈ പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്റ്റിനും പറഞ്ഞു.
സാങ്കേതിക നടപടികളിലും മസ്റ്ററിങ് സമയത്തു രേഖപ്പെടുത്താനാവാത്തതു മൂലവും മുടങ്ങിപ്പോയ ക്ഷേമപെന്‍ഷനുകള്‍, അര്‍ഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, സാങ്കേതികപ്രശ്നത്തിന്റെ പേരില്‍ തടഞ്ഞുവച്ച പ്രളയധനസഹായം, സ്‌കോളര്‍ഷിപ്പ് കുടിശിക, കുടിവെള്ള കണക്ഷനും ബില്ലും ആയി ബന്ധപ്പെട്ട പരാതികള്‍, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം, സ്വത്ത് തര്‍ക്കം, പുരയിടത്തിലെ വെള്ളക്കെട്ട് പരിഹരിക്കല്‍, റവന്യൂ റീസര്‍വേ, ഭൂമി പോക്കുവരവ് ചെയ്യല്‍, കുടിവെള്ള പ്രശ്നം, ഓടകളുടെ പുനസ്ഥാപനം, കെട്ടിട നമ്ബര്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
രാവിലെ ഒന്‍പതരയോടെ അദാലത്ത് നടക്കുന്ന ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ രണ്ടുമന്ത്രിമാരും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരാതികളിലും അപേക്ഷകര്‍ക്കു പറയാനുള്ളത് കേട്ടു തീരുമാനമെടുത്തശേഷമാണ് സീറ്റില്‍ നിന്ന് എണീറ്റതു പോലും. ഇടവേള പോലുമില്ലാതെയായിരുന്നു അദാലത്ത് നടപടികള്‍ നീണ്ടത്. നേരത്തേ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ കേട്ടശേഷം വൈകിട്ട് അഞ്ചുമണിയോടെ നേരിട്ടു പരാതി നല്‍കാന്‍ കാത്തുനിന്ന പുതിയ അപേക്ഷകരെയും മന്ത്രിമാര്‍ കേട്ടു. രാവിലെ പത്തുമുതല്‍ നാലുമണിവരെയായിരുന്നു അദാലത്ത് നിശ്ചയിച്ചിരുന്നതെങ്കിലും പരാതികള്‍ എല്ലാം വിശദമായി കേട്ടു നടപടികള്‍ക്കു നിര്‍ദേശിച്ചശേഷം അഞ്ചുരയോടെയാണു മന്ത്രിമാര്‍ മടങ്ങിയത്.ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, കോട്ടയം ആര്‍.ഡി.ഒ. വിനോദ് രാജ്, തഹസീല്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ നിജു കുര്യന്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍അദാലത്തിന്റെ മേല്‍നോട്ടച്ചുമതലകള്‍ നിര്‍വഹിച്ചു.