video
play-sharp-fill
കോട്ടയത്തുകാരൻ തട്ടിപ്പിന്റെ തമ്പുരാൻ: വിദേശത്തേയ്ക്ക് ആളുകളെ കയറ്റിവിടാമെന്ന് വാഗ്ദാനം ചെയ്ത് റോയി തട്ടിയെടുത്തത് രണ്ട് കോടി രൂപ; റോയിക്കെതിരെ 32 കേസ്

കോട്ടയത്തുകാരൻ തട്ടിപ്പിന്റെ തമ്പുരാൻ: വിദേശത്തേയ്ക്ക് ആളുകളെ കയറ്റിവിടാമെന്ന് വാഗ്ദാനം ചെയ്ത് റോയി തട്ടിയെടുത്തത് രണ്ട് കോടി രൂപ; റോയിക്കെതിരെ 32 കേസ്

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: തട്ടിപ്പിന്റെ തമ്പുരാനായി ഒരു കോട്ടയംകാരൻ. അമേരിക്കയിലേയ്ക്കും, കാനഡയിലേയ്ക്കും ആളുകളെ കയറ്റിയയക്കാമെന്ന് വാഗ്ദാനം ചെയ്ത് റോയി എന്ന കോട്ടയംകാരൻ തട്ടിയെടുത്തത് കോടികളാണ്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വൻകിട കമ്പനികളിൽ ജോലി വാഗ്ദാനം ചെയതാണ് റോയി തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ റോയി ജോസഫ് സമ്ബാദിച്ചത് രണ്ട് കോടിയിലേറെ രൂപയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 32 ഓളം പേരെയാണ് ജോസഫ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. ഒടുവിൽ പെരുമ്പാവൂർ എളമ്പകപ്പിള്ളി സ്വദേശി അഖിൽ അജയകുമാർ നൽകിയ പരാതിയിൽ പെരുമ്പാവൂർ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

കോട്ടയം മുണ്ടുപാലം സ്വദേശിയായ റോയി ജോസഫ് നേരത്തെ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കാസർകോട് അടക്കം നാല് സ്ഥലങ്ങളിൽ പ്രതിക്കെതിരെ പരാതികൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വിദേശ കമ്പനികളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ- യുവാക്കളിൽ നിന്നും, ഇവരുടെ രക്ഷിതാക്കളിൽ നിന്നുമായി കോടികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയ അഖിലിന്റെ സുഹൃത്തുക്കളടക്കം 32 പേരിൽ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി ബദർപൂരിലുള്ള റോയ് ജോസഫിന്റെ ട്രാവൽ ഏജൻസിയുടെയും മറ്റൊരു ചാരിറ്റബിൾ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ് നടത്തിവന്നിരുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തി വിശ്വാസം പിടിച്ചുപറ്റിയാണ് ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തിയിരുന്നത്. ഏറ്റുമാനൂരിലെ വാടക വീട്ടിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.