
തേർഡ് ഐ ബ്യൂറോ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജില്ലയിലെ കനത്ത തോൽവിയ്ക്കു പിന്നാലെ ജില്ലയിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ജില്ലയിലെ ഒൻപത് സീറ്റിൽ നാലിടത്തു മാത്രമാണ് കോൺഗ്രസ് പാർട്ടിയ്ക്കു വിജയിക്കാനായത്. ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും, മാണി സി.കാപ്പനും, മോൻസ് ജോസഫും വ്യക്തിമികവ് കൊണ്ടു വിജയിച്ചപ്പോൾ ഭൂരിപക്ഷത്തിൽ വൻ ഇടിവ് ഉണ്ടാകുകയും ചെയ്തു. പാലായിൽ ആദ്യമായി ഒരു അസംബ്ലി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ പ്രാദേശിക നേതൃത്വത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗത്തു നിന്നും യാതൊരു വിധ പിന്തുണയും ഉണ്ടായില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. കയ്യിലിരുന്ന മണ്ഡലങ്ങൾ പോലും കോൺഗ്രസിനും യു.ഡി.എഫിനും നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. ഇതിനെല്ലാം ഉത്തരവാദിത്വം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനും കോൺഗ്രസ് നേതൃത്വത്തിനുമാണ് എന്ന ആരോപണമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം, നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദികൾ ജില്ലയിലെ ഡിസിസി നേതൃത്വമാണെന്ന് ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്റർ ആരോപണം ഉന്നയിച്ചിരുന്നു. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജോഷി ഫിലിപ്പ് ഡി സി സി പ്രസിഡന്റ് സ്ഥാനം രാജി വക്കണമെന് സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ വി.കെ.അനിൽകുമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം ജോഷി ഫിലിപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ വലിയ സാഹചര്യമാണ് ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാൽ, ഇത് മുതലെടുക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തിനു സാധിച്ചില്ല.
പുതുപ്പള്ളിയും, കോട്ടയവും കൂടാതെ കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും വൈക്കത്തുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചത്. എന്നാൽ, ഇവിടെ ഒരിടത്തും പ്രചാരണത്തിനു പോലും കോൺഗ്രസ് നേതൃത്വം തയ്യാറായി രംഗത്ത് എത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ജോഷി ഫിലിപ്പ് നേതാവായി എത്തിയതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം സമ്പൂർണ പരാജയമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസും, കെ.എസ്.യുവും മുൻപ് ശക്തമായ സമരങ്ങൾ നടത്തുമ്പോൾ ഡി.സി.സി നേതൃത്വം വെറും നോക്കുകുത്തിയായി നിൽക്കുകയായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എറണാകുളത്ത് റഫീഖിന്റെ ഉരുട്ടിക്കൊലക്കേസിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എത്തിച്ചപ്പോൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ, ഒരു ഘട്ടത്തിൽ പോലും ഈ സമരത്തെ പിൻതുണയ്ക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം തയ്യാറായില്ല.
യൂത്ത് കോൺഗ്രസ് ജില്ലയിൽ നടത്തിയ തീപ്പൊരി സമരങ്ങൾക്കു പോലും പിൻതുണ നൽകാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിച്ചില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തലത്തിൽ ഉയർത്തിയ ആരോപണങ്ങളെല്ലാം ഏറ്റെടുത്ത് ജില്ലയിൽ സമരം നടത്തിയത് യൂത്ത് കോൺഗ്രസായിരുന്നു. ഈ സമരങ്ങളെ രഹസ്യമായി നിന്ന് എതിർക്കുന്ന സമീപനമാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നതും.
തിരഞ്ഞെടുപ്പ് കാലത്തു പോലും, പല പേരിൽ വമ്പൻ മുതലാളിമാരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുക്കുകയായിരുന്നു കോൺഗ്രസിന്റെ ജില്ലാ നേതൃത്വം എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ നേതൃത്വത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാം ജില്ലയിലെ കോൺഗ്രസ് നേതൃത്വം നിശബ്ദമായി നിൽക്കുകയായിരുന്നു. വഴിപാട് പോലെ ഒരു സമരം നടത്തിയ കോൺഗ്രസ് ജില്ലാ നേതൃത്വം യാതൊരു വിധത്തിലുള്ള ശക്തമായ ഇടപെടലുകളും നടത്തിയിട്ടില്ല. നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ശക്തമായ സ്വാധീനമുണ്ടാക്കാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തന്നെ പിരിച്ചു വിടണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.