
കോട്ടയം: എന്നേക്കുമായി നഷ്ടമായെന്നു കരുതിയ അമ്മയെ വീടിനു മുന്നില്‍ കണ്ട നിമിഷം മകൻ ശ്രീറാം കിണ്ടിയില്‍ വെള്ളവുമായി ഓടിയെത്തി ആചാരപ്രകാരം പാദങ്ങള്‍ കഴുകി ചുംബിച്ചു. ഭര്‍ത്താവ് അശോകും മറ്റ് രണ്ട് ആണ്മക്കളും ബന്ധുക്കളും അയല്‍വാസികളും സുലഭിയെ വാരിപ്പുണര്‍ന്നു.
വീടു വിട്ടിറങ്ങി പതിനാറു വര്‍ഷത്തിനുശേഷം മനോനില വീണ്ടെടുത്ത സുലഭി (55)യെ മഹാരാഷ്ട്രയിലെ നിംബോണ് ഗ്രാമം ഇരുകൈയും നീട്ടി സ്വീകരിച്ചു.
സുലഭിയുടെ മൂത്തമകന് ശ്രീറാമിന്റെ വിവാഹം. ഒരാഴ്ച നീളുന്ന കല്യാണച്ചടങ്ങളുകളിലേക്കും സ്വന്തം വീട്ടിലേക്കും പെറ്റമ്മയെ തിരികെ കിട്ടിയതോടെ അത് ഗ്രാമത്തിനു വീണ്ടെടുപ്പിന്റെ ഉത്സവമായി. കോട്ടയം ആറുമാനൂരിലുള്ള ആകാശപ്പറവകളുടെ ഭവനത്തില്‍ ഒരു മാസം മുന്‍പാണ് സുലഭിയെ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ അഗതികളെ സംരക്ഷിക്കുന്ന എലിസബത്ത്, ജെർത്രുദ് എന്നീ പ്രേഷിതരാണ് സുലഭിയുമായി ഇന്നലെ രാവിലെ നിംബോണിലെ വീടു കണ്ടെത്തിയത്. മനോനില തെറ്റി വീടുവിട്ട് അലഞ്ഞ് കേരളത്തിലെത്തിയ സുലഭിയെ പോലീസ് പതിനാറ് വര്‍ഷം മുന്‍പാണു ചങ്ങനാശേരി അതിരൂപതയിലെ കിടങ്ങറ സ്നേഹതീരം അഗതിമന്ദിരത്തിലെത്തിച്ചത്. ഇവിടത്തെ പരിചരണത്തില്‍ സൗഖ്യം പ്രാപിച്ചശേഷമാണ് കഴിഞ്ഞമാസം സുലഭയെ ആറുമാനൂര്‍ ആകാശപ്പറവയിലെത്തിച്ചത്.
രോഗസൗഖ്യം നേടുന്ന അഗതികളെ അവരുടെ വീടുകളില്‍ തിരികെ എത്തിക്കുന്ന സാമൂഹികനീതി വകുപ്പിന്റെ പ്രത്യാശ സ്കീമിന്റെ ചുമതലക്കാരിയാണ് എലിസബത്ത്. ഇത്തരത്തില്‍ 1800ലധികം പേരെ രാജ്യത്തും അയല്‍രാജ്യങ്ങളിലും എലിസബത്ത് തിരികെ എത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഗോവയിലെത്തിയ മൂവര്‍ക്കും തുടര്‍ന്നുള്ള യാത്രകളുടെ ക്രമീകരണമൊരുക്കിയത് കൊങ്കണില്‍ അര നൂറ്റാണ്ടായി ഗോത്രവാസികള്ക്കൊപ്പം ശുശ്രൂഷ ചെയ്യുന്ന മിഷനറി ഫാ. ജോര്‍ജ് കാവുകാട്ടാണ്.
ഗോവയില്‍നിന്ന് ഇവര്‍ ട്രെയിനില്‍ മഹാരാഷ്ട്രയിലെ സാവന്തവാടിയിലെത്തി. തുടര്‍ന്ന് ഫാ. ജോര്‍ജ് കുറ്റിക്കല്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ കൂട്ടായ്മയിലെ ചേന്നങ്കരി സ്വദേശി ഫാ. മോന്‍സി വടകര പുത്തന്‍പുര എംസിബിഎസ് സഭയുടെ ജീപ്പില്‍ ഇവരെ 120 കിലോമീറ്റര്‍ അകലെ കര്‍മല താലൂക്കിലെ നിംബോണ് ഗ്രാമത്തില്‍ സുലഭിയുടെ വീട്ടിലെത്തിച്ചു. എംസിബിഎസ് സഭയുടെ സത്താറ, സോളാപ്പുര്‍ മിഷന് സുപ്പീരിയര്കൂടിയാണ് ഫാ. മോന്‍സി.
മകന്റെ ഇന്നത്തെ മധുരംവയ്പിലും നാളത്തെ കാല്യാണത്തിലും പങ്കെടുത്ത് മരുമകളെ സ്വീകരിക്കാമെന്ന സന്തോഷത്തിലാണ് സുലഭി. മടങ്ങിയെത്തുമ്പോള്‍ പഴയ ചെറ്റപ്പുരയുടെ സ്ഥാനത്ത് വലിയൊരു വീടാണ് സുലഭിക്കു കാണാനായത്.
മക്കളായ ശ്രീറാം, ഭരത്, ലക്ഷ്മണന് എന്നിവര്‍ എംബിഎയും എന്ജിനിയറിംഗുമൊക്കെ കഴിഞ്ഞ് ഉന്നതജോലിയില്‍ കഴിയുകയാണ്. സുലഭിയെ കാണാനെത്തിയവരെ മക്കള്‍ ലഡുവും ജിലേബിയും നല്‍കിയാണ് ഇന്നലെ സ്വീകരിച്ചത്.



