
കോട്ടയം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്കൂൾ വേഷത്തിൽ ബൈക്കിൽ കയറ്റി ലഹരി വിൽപന നടത്തിയ ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന 13, 9 വയസ്സുള്ള പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്കു മാറ്റി. ഇവർ സഹോദരിമാരാണ്. 13 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ചാണ് കോട്ടയത്തും വാഗമണ്ണിലും പ്രതി ലഹരി വിൽപന നടത്തിയെന്ന് എക്സൈസ് പറഞ്ഞു.
പ്രതി മുൻപ് താമസിച്ച വീടിന്റെ അയൽപക്കത്തുള്ളവരാണ് ഈ പെൺകുട്ടികൾ. ഇവരുടെ വീട്ടിലെ സാമ്പത്തിക സാഹചര്യം മോശമായിരുന്നു. സ്കൂളിലേക്ക് പോകാൻ ഇറങ്ങുന്ന പെൺകുട്ടിയെ പ്രതി രാവിലെ ബൈക്കിൽ എത്തി വിളിച്ചുകൊണ്ടുപോരുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു. 6 മാസം ഇതു തുടർന്നു. പല ദിവസങ്ങളിലും പെൺകുട്ടി സ്കൂളിൽ പോയില്ല.
ലഹരിവസ്തുക്കൾ വിൽക്കാൻ പോകുമ്പോൾ പെൺകുട്ടിയെ ബൈക്കിൽ കൂടെ കൂട്ടും. ലഹരിവസ്തുക്കൾ സ്കൂൾ ബാഗിൽ വയ്ക്കും. പരിശോധനകളിൽനിന്ന് ഇങ്ങനെയാണ് രക്ഷപ്പെട്ടിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഴ്ചയിൽ 200 രൂപ വരെ പ്രതി പെൺകുട്ടിക്കു കൊടുത്തിരുന്നു.പ്രതിയുടെ ആർപ്പൂക്കരയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് 2 കുട്ടികളെയും കണ്ടെത്തിയത്. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്ന് ഇളയകുട്ടി എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.