ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു;ഐഷ കേസിൽ ഉടന്‍ അറസ്റ്റ് ചെയ്യും

Spread the love

കോട്ടയം: ചേര്‍ത്തല തിരോധാന കേസുകളില്‍ സെബാസ്റ്റ്യന് കുരുക്ക് മുറുകുന്നു. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം

സെബാസ്റ്റ്യനെ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തിലും ഉടന്‍ അറസ്റ്റ് ചെയ്യും.

ജെയ്‌നമ്മയെയും ബിന്ദുവിനെയും കൊലപ്പെടുത്തിയതുപോലെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച്‌ സെബാസ്റ്റ്യന്‍ ഐഷയെ കഴുത്തു ഞെരിച്ചോ തലയ്ക്കടിച്ചോ വക വരുത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്യാനാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഷയ്ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം തരപ്പെടുത്തിക്കൊടുക്കാം എന്ന് സെബാസ്റ്റ്യന്‍ വാക്കു പറഞ്ഞിരുന്നു. ഇതിനുള്ള പണം ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ഐഷ സ്വരൂപിക്കുകയും ചെയ്തു. 2012 മേയില്‍ ആലപ്പുഴയ്ക്ക് പോകുന്നതായി പറഞ്ഞാണ് ഐഷ വീട്ടില്‍ നിന്നിറങ്ങിയത്.

ആലപ്പുഴയ്ക്കു പോകാതെ അന്ന് ഐഷ പോയത് സെബാസ്റ്റ്യന്‍റെ വീട്ടിലേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെക്കുറിച്ച്‌ പിന്നീട് യാതൊരു വിവരവുമില്ല.

ജെയ്‌നമ്മ, ബിന്ദു എന്നിവരെ കൊലചെയ്തതായി ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടങ്ങളിലൊന്നും സെബാസ്റ്റ്യന്‍ സമ്മതിച്ചിരുന്നില്ല. തെളിവുകള്‍ നിരത്തി തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഐഷ തിരോധാനത്തെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും സ്ഥലം വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് ബ്രോക്കറായ തന്നെ സമീപിച്ചതല്ലാതെ തിരോധാനത്തില്‍ പങ്കില്ലെന്നുമാണ് സെബാസ്റ്റ്യന്‍റെ മൊഴി.

എന്നാല്‍ ആലപ്പുഴയിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയ ഐഷയെ കാത്ത് സെബാസ്റ്റ്യന്‍ ചേര്‍ത്തലയില്‍ കാത്തുനിന്നെന്നും പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചതായും തെളിവുകളുണ്ട്.

പതിമൂന്നു വര്‍ഷം മുന്‍പുള്ള ഐഷ തിരോധാനം അന്വേഷിക്കുന്ന ചേര്‍ത്തല പോലീസ്, കേസില്‍ സെബാസ്റ്റ്യനെ പ്രതിചേര്‍ക്കാനാവശ്യമായ തെളിവുകളോടെ ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നോ നാളെയോ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷം കോടതിയുടെ അനുമതിയോടെയായിരിക്കും അറസ്റ്റ്ചെയ്യുക.

കാണാതായ ദിവസം രാവിലെ തന്നെ ഐഷ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. നിലവില്‍ ഐഷ തിരോധാനക്കേസില്‍ കൊലപാതകത്തിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്താണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുക