video
play-sharp-fill

അച്ഛന്റെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോൾ കെട്ടിപ്പൊതിഞ്ഞ് മൂലയില്‍ വച്ചതുപോലെ തോന്നുന്നു; സ്വന്തം നാട്ടില്‍ നിന്നും അനാദരവ് ഉണ്ടാകുന്നത് സങ്കടകരം: വിമര്‍ശനവുമായി കൊട്ടാരക്കര ശ്രീധരൻനായരുടെ മകള്‍

അച്ഛന്റെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോൾ കെട്ടിപ്പൊതിഞ്ഞ് മൂലയില്‍ വച്ചതുപോലെ തോന്നുന്നു; സ്വന്തം നാട്ടില്‍ നിന്നും അനാദരവ് ഉണ്ടാകുന്നത് സങ്കടകരം: വിമര്‍ശനവുമായി കൊട്ടാരക്കര ശ്രീധരൻനായരുടെ മകള്‍

Spread the love

കൊല്ലം: കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോൾ അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയില്‍ വച്ചിരിക്കുന്നതുപോലെയുള്ള അനുഭവമാണെന്ന് മകളും നടിയുമായ ഷൈലജ ശ്രീധരൻനായർ. സ്വന്തം നാട്ടില്‍ നിന്നും അച്ഛനോട് അനാദരവ് ഉണ്ടാകുന്നത് സങ്കടകരമാണെന്നും ഷൈലജ പറഞ്ഞു.

കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ഹ്രസ്വചലച്ചിത്രമേളയില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ. പ്രതിമ നിർമ്മിക്കാൻ ഞങ്ങള്‍ ഒരിക്കിലും ആഗ്രഹിച്ചിരുന്നില്ല, അച്ഛൻതന്നെ പറഞ്ഞിട്ടുണ്ട്, കാക്കയ്ക്കു കാഷ്ഠിക്കാനായി പ്രതിമ സ്ഥാപിക്കുന്നത് അനാദരവാണെന്ന്. എന്നാല്‍ നാട്ടുകാർ മുൻകയ്യെടുത്ത് പ്രതിമ നിർമ്മിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിച്ചു. ഇങ്ങനെ ഒരു മൂലയ്ക്ക് പൊതിഞ്ഞു വച്ചിരിക്കുന്നത് ഒരുപാടു വിഷമം തരുന്ന കാര്യമാണ്. സ്വന്തം നാട്ടില്‍തന്നെ അനാദരവുകാട്ടിയാല്‍ എന്താ പറയുക? ബന്ധപ്പെട്ടവർ പരിഹാരം കാണണം. ശ്രീധരൻനായരുടെ മകളായതില്‍ ഇന്നും ബഹുമാനം ലഭിക്കുന്നത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ മഹത്തരമായതിനാലാണെന്നും ഷൈലജ പറഞ്ഞു.

രണ്ടു വർഷം മുമ്പാണ് നഗരസഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നിർമ്മിച്ചത്. ദേശീയപാതയരികില്‍ മണികണ്ഠനാല്‍ത്തറയില്‍ പ്രതിമ സ്ഥാപിച്ചെങ്കിലും എതിർപ്പുകളെയും കോടതിവിധിയെയും തുടർന്ന് മാറ്റേണ്ടി വന്നു. ഇപ്പോള്‍ ലൈബ്രറി കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ മൂടിക്കെട്ടിയ നിലയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഇതുവരെ അനാച്ഛാദനം ചെയ്തിട്ടില്ല. സിവില്‍ സ്റ്റേഷൻ വളപ്പ്, ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ട്, റയില്‍വെ സ്റ്റേഷൻ പരിസരം എന്നിവടങ്ങളെല്ലാം പ്രതിമ സ്ഥാപിക്കാനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പച്ചവലയാല്‍ മൂടിയ പ്രതിമ ഇപ്പോഴും അനാഥമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group