
കൊല്ലം: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണത്തില്‍ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. അനധികൃതമായി കരിപ്രസാദ നിർമ്മാണം നടന്ന വാടക വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. ക്ഷേത്രത്തോട് ചേർന്ന ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്.
ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്. ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലായിരുന്നു അനധികൃത നിർമ്മാണം. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി കഴിഞ്ഞ ദിവസം കെട്ടിട്ടം പൂട്ടിയിരുന്നു.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ കരി പ്രസാദവും ചന്ദനവും നിർമ്മിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്. പ്രസാദം നിർമ്മിച്ചിരുന്നവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.