play-sharp-fill
കോട്ടയത്ത് വെള്ളത്തിന്റെ കൊടുംചതി; മഴ ശമിച്ചെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട്; കുട്ടനാട്ടിൽ നിന്നും രക്ഷപെടുത്തിയവരെ ചങ്ങനാശേരിയിൽ എത്തിച്ചു

കോട്ടയത്ത് വെള്ളത്തിന്റെ കൊടുംചതി; മഴ ശമിച്ചെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട്; കുട്ടനാട്ടിൽ നിന്നും രക്ഷപെടുത്തിയവരെ ചങ്ങനാശേരിയിൽ എത്തിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡിനു പിന്നാലെ കോട്ടയത്ത് എത്തിയ പെരുമഴ കോട്ടയത്തെ വെള്ളത്തിൽ മുക്കുന്നു. കനത്ത മഴയിൽ എത്തിയ വെള്ളം ഇറങ്ങാതെ പടിഞ്ഞാറൻ മേഖല. സാഹചര്യങ്ങൾ അനുകൂലമെങ്കിലും മീനച്ചിൽ, മൂവാറ്റുപുഴയാറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം അതേ വേഗത്തിൽ വേമ്പനാട്ടുകായൽ സ്വീകരിക്കാത്തതാണു വെള്ളമിറങ്ങുന്നതു വൈകാൻ കാരണം.

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽനിന്ന് എത്തുന്നവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ ചങ്ങനാശേരി മേഖലയിൽ സജ്ജമാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. 2018ലെ പ്രളയ കാലത്ത് ആലപ്പുഴയിൽനിന്നും എത്തിയ 17007 പേരെയാണ് ചങ്ങനാശേരി താലൂക്കിലെ വിവിധ ക്യാമ്പുകളിൽ താമസിപ്പിച്ചത്. ഈ വർഷവും ക്യാമ്പുകളാക്കുന്നതിന് പരമാവധി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ആലപ്പുഴ ജില്ലയിൽനിന്നും ബോട്ടുകളിലും ലോറികളിലും നേരിട്ട് എത്തുന്നവർ ചങ്ങനാശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ബന്ധുവീടുകളിലേക്കാണ് പോകുന്നത്.

താമസ സൗകര്യം ആവശ്യമുള്ളവരെ ക്യാമ്പുകളിലേക്ക് അയയ്ക്കും. ആദ്യഘട്ടത്തിൽ എത്തുന്നവരെ കുറിച്ചി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലാണ് താമസിപ്പിക്കുക. ഇവിടെ 600 പേർക്കുള്ള സൗകര്യങ്ങളുണ്ട്. അടുത്ത ഘട്ടമായി കുറിച്ചി സചിവോത്തമപുരം ഹരിജൻ വെർഫെയർ യു.പി. സ്‌കൂളിലും ഇത്തിത്താനം സർക്കാർ സ്‌കൂളിലും താമസിപ്പിക്കും.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പനിപരിശോധനയ്ക്ക് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ കുറിച്ചി സർക്കാർ എച്ച്.എസ്.എസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എത്തുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ ഹെൽപ് ഡസ്‌ക് പ്രവർത്തിക്കും.

ചങ്ങനാശേരി ബോട്ട് ജെട്ടിയിലും കുറിച്ചി സ്‌കൂളിലും സന്ദർശനം നടത്തിയ കളക്ടർ ക്രമീകരണങ്ങൾ വിലയിരുത്തി.