കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടരുന്നു
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടർ ഉൾപ്പെടെയുള്ള 64 പേർക്ക് പനി സ്ഥിരീകരിച്ചു.എച്ച് വൺ എൻ വൺ ബാധിച്ച ഒരാൾ കഴിഞ്ഞ ദിവസം ജില്ലയിൽ മരിച്ചു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നത്. ഇതിനോടകം ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 64 പേർക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മൂന്ന് പേർ ഈ വർഷം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗം കണ്ടെത്തിയവരുടെ എണ്ണം കൂടുതലാണ്.ഈ വർഷം 30 പേർക്ക് എലിപ്പനിയും 25 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 90 പേർക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേർക്ക് പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പനി പ്രതിരോധ നടപടികൾ ജില്ലയിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.