
കോതമംഗലം: കോതമംഗലത്ത് പെണ്‍സുഹൃത്ത് വിഷം കലക്കി അൻസിലിന് നൽകിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി.കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ് ചെയ്തു.
ടിപ്പർ ഡ്രൈവറായ അൻസിലും പ്രതിയായ യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍നിന്നു പിന്മാറാൻ യുവതി ശ്രമിച്ചെങ്കിലും അൻസില്‍ തയാറായില്ല. ഇതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം യുവതി സ്വീകരിച്ചത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിനായി യുവതി റെഡ് ബുള്‍ വാങ്ങി സൂക്ഷിച്ചു. ഇന്നത്തെ തെളിവെടുപ്പില്‍ വീട്ടില്‍ നിന്ന് പൊലീസ് എനർജി ഡ്രിങ്ക് ക്യാനുകള്‍ കണ്ടെടുത്തു. വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്ന് കളനാശിനി വാങ്ങി. ഒരു ലിറ്ററിന്‍റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. കളനാശിനി വാങ്ങിയ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിഞ്ഞു.
ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് എനർജി ഡ്രിങ്കില്‍ കളനാശിനി കലക്കി നല്‍കി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസില്‍ പൊലീസിനെ ഫോണില്‍ വിളിച്ചു. ഇതുകണ്ട യുവതി ഫോണ്‍ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും യുവതി തന്നെ വിളിച്ചു. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അവള്‍ എന്നെ ചതിച്ചു എന്ന് അൻസില്‍ പറഞ്ഞതാണ് മരണമൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെനാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെങ്കിലും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.