
എനിക്ക് കൊറോണയില്ല, സഹായിച്ചില്ലെങ്കിലും ദയവ് ചെയ്തു ഉപദ്രവിക്കരുത്..! ചേനപ്പാടിയിൽ കൊറോണയില്ല; ഹോട്ട്‌സ്‌പോട്ടുമല്ല; കൊറോണ ബാധിതയെന്ന് നാട്ടുകാർ പ്രചരിപ്പിച്ച യുവതിയുടെ കുറിപ്പ് വൈറലായി മാറുന്നു; പൊൻകുന്നം ചേനപ്പാടിയിലെ നാട്ടുകാരെ നന്ദി..! ഏറ്റുമാനൂരിൽ കൊറോണ മരണമെന്നു കരക്കമ്പി പ്രചാരണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ വന്നു തലയ്ക്കു മുകളിൽ നിന്നിട്ടും നാ്ട്ടുകാരുടെ കരക്കമ്പിയ്ക്കും വ്യാജ പ്രചാരണങ്ങൾക്കും ഒരു ശമനവുമില്ല. ഫെയ്‌സ്ബുക്കിലും വാട്സ് ആപ്പിലും വ്യാജന്മാരെ പടച്ചു വിടുന്നത് പൊലീസ് കയ്യോടെ പൊക്കുന്നതിനാൽ, ഇത്തരം പ്രചാരണങ്ങൾക്ക് അൽപം ആശ്വാസം വന്നിട്ടുണ്ടെങ്കിലും നാട്ടുകാരുടെ നാവിൽ നിന്നും പ്രചരിക്കുന്ന നുണകൾക്കു യാതൊരു പഞ്ഞവുമില്ല.
കഴിഞ്ഞ ദിവസം കുമാരനല്ലൂരിൽ വീട്ടമ്മയെയുമായി കൊറോണ ടെസ്റ്റ് നടത്താൻ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയിരുന്നു. ഇതിനു പിന്നാലെ തന്നെ കുമാരനല്ലൂരിൽ കോവിഡ് എന്നു പ്രചാരണം സജീവമായി. ഇതിനിടെയാണ് ഏറ്റുമാനൂരിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു എന്ന രീതിയിൽ വ്യാജ പ്രചാരണവും എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനെല്ലാം പുറമെയാണ് പൊൻകുന്നം ചേനപ്പാടിയിൽ ക്വാറന്റൈനിൽ കഴിയുന്ന യുവതിയ്ക്കു കോവിഡ് ആണ് എന്ന വ്യാജ പ്രചാരണവുമായി ഒരു വിഭാഗം രംഗത്ത് എത്തിയത്. ഇതിനെതിരെ ഇവർ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇറങ്ങുകയും ചെയ്തു.
പ്രചാരണത്തിനെതിരായ യുവതിയുടെ മറുപടി ഇങ്ങനെ
ഞാൻ —- കൊറോണ ബാധിച്ച് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആണെന്നും അതിനാൽ ചേനപ്പാടി ഹോട്ട് സ്‌പോട്ട് ആക്കണം എന്നൊക്കെ ഇറങ്ങിയ നുണ പ്രചാരണത്തിൽ പരാമർശിക്കപ്പെട്ട ആൾ. ദൈവത്തിന്റെ കൃപയാൽ കൊറോണ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. എങ്കിലും എന്റെ സ്വന്തം നാട്ടുകാരോട് ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യാ….
ഈ ഒരു സാഹചര്യത്തിൽ കേരളത്തിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഉള്ള മലയാളികളിൽ ഭൂരിപക്ഷവും.അതിനു കാരണം മറ്റൊന്നുമല്ല, സ്വന്തം നാട്ടിൽ തങ്ങൾ സുരക്ഷിതർ ആയിരിക്കും എന്നുള്ള ആത്മവിശ്വാസം കൊണ്ടാണ്. സ്വന്തം കരിയറും ജോലിയും ഒക്കെ ഉപേക്ഷിച്ചിട്ട് ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തി നാലു ചുവരുകൾക്കുള്ളിൽ പതിനാലോ ഇരുപത്തിയെട്ട് ദിവസങ്ങളോളം ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്ന നമ്മുടെ സഹോദരങ്ങളുടെ മാനസിക അവസ്ഥയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കൂട്ടത്തിൽ കൊറോണ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഇതിനിടയിൽ ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി പരത്തുമ്പോൾ അത് ആ വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കോറോണയേക്കാൽ വളരെ വലുതാണ്. ഇതുകൊണ്ട് എന്ത് ഗുണമാണ് നിങ്ങൾക്ക് കിട്ടുന്നത്? ജനങ്ങളിൽ ഭീതി പരത്തുന്നു. അത്രമാത്രം.
മറ്റുള്ളവരിലേക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് സാമൂഹിക പ്രതിബദ്ധത ആണ് നിങ്ങൾക്ക് പറയാൻ ഉള്ളത്? കൊറോണ നെഗറ്റീവ്, പോസിറ്റീവ് എന്തും ആയിക്കൊള്ളട്ടെ. അവരെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയണം. അകറ്റി നിർത്തേണ്ടത് അവരെ അല്ല, കോറോണയെ ആണ്. ദയവായി നുണക്കഥകൾ പറഞ്ഞുണ്ടാക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവണതകൾ നിർത്തുക. ഇതൊരു അവസരമായി ഉപയോഗിക്കാതെ ഇരിക്കുക. കാരണം വിളിക്കാത്ത അതിഥിയായി കൊറോണ ഏതു നിമിഷവും നമ്മുടെ ജീവിതത്തിലേക്കും കടന്നു വരാം.
Stay safe
കുറിപ്പ്: സഹായിച്ചില്ലേലും ഉപദ്രവിക്കരുത്.