കോറോണക്കാരുണ്ടോ വീട്ടിൽ..! കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ അനധികൃത രോഗീ സർവേ; സർക്കാർ അനുവാദമില്ലാതെ സർവേ നടത്തിയത് വാർഡ് കൗൺസിലർ; നടപടിയുമായി നഗരസഭ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാരുണ്ടോ വീട്ടിലെന്നു ചോദിച്ച് ഫോമുമായി വീടുകൾ തോറും കയറിയിറങ്ങി വിവരശേഖരണവുമായി വാർഡ് കൗൺസിലർ. കൊറോണ പ്രതിരോധത്തിൽ സർക്കാർ സംവിധാനങ്ങൾ വ്യാപൃതമായിരിക്കുമ്പോഴാണ് കോട്ടയം നഗരസഭയിൽ രഹസ്യസ്വാഭാവത്തോടെയുള്ള സർവേ നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ വീടുകൾ തോറും കയറിയിറങ്ങി വാർഡ് കൗൺസിലർ തന്നെ ഹോമിയോ പ്രതിരോധ മരുന്ന് നല്കാനെന്ന വ്യാജേനെ വിവരം ശേഖരിച്ചത്. പ്രദേശത്ത് അക്ഷയ സെന്റർ നടത്തുന്നയാളാണ് നഗരസഭ കൗൺസിലിൻ്റെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി വീടുകൾ തോറും സർവേ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളപേപ്പറിൽ അച്ചടിച്ച ഫോമുമായി വീടുകൾ തോറും കയറിയിറങ്ങി നടന്നിരുന്ന ഇദ്ദേഹം എട്ടു കോളങ്ങളുള്ള ഫോമാണ് വീടുകളിൽ നൽകിയിരിക്കുന്നത്. ഗൃഹനാഥന്റെ പേരും പ്രായവും മൊബൈൽ നമ്പരും ഇമെയിൽ ഐഡിയും വാട്‌സ്അപ്പ് നമ്പരും ഏതുവിഭാഗത്തിൽപ്പെട്ട ആളാണ് എന്നതും ഗൃഹനാഥൻ പൂരിപ്പിക്കണം. തുടർന്നു വീട്ടിലെ ഓരോ കുടുംബാഗത്തിന്റെയും പേരും ഇതിനൊപ്പം ഇവർക്ക് കുടുംബ നാഥനുമായുള്ള ബന്ധവും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും വ്യക്തമാക്കണം.
വ്യാഴാഴ്ച ഉച്ചയോടെയാണ് വിവരം കോട്ടയം നഗരസഭ അധികൃതരുടെ ശ്രദ്ധൽപ്പെടുന്നത്. തുടർന്നു ഇവർ ഉടൻ തന്നെ പ്രദേശത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. സർക്കാർ ഏജൻസികളോ, ഏതെങ്കിലും വകുപ്പോ ഇത്തരത്തിൽ സർവേ നടത്താൻ നിർദേശം നൽകിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു നഗരസഭ സെക്രട്ടറി തന്നെ വ്യാജ സർവേ നടത്തിയ ആൾക്കെതിരെ പരാതി നൽകുകയായിരുന്നു.
കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ മാത്രമാണ് ഇത്തരത്തിൽ സർവേ നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.