play-sharp-fill
കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനും കണ്ണിൽ ചോരയില്ലാത്ത കൈക്കൂലി വാങ്ങൽ: കറുകച്ചാലിൽ വനിതാ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ; പനച്ചിക്കാട് സ്വദേശിയായ സെക്രട്ടറി പാത്താമുട്ടത്ത് വച്ച് പിടിയിൽ

കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനും കണ്ണിൽ ചോരയില്ലാത്ത കൈക്കൂലി വാങ്ങൽ: കറുകച്ചാലിൽ വനിതാ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ; പനച്ചിക്കാട് സ്വദേശിയായ സെക്രട്ടറി പാത്താമുട്ടത്ത് വച്ച് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കറുകച്ചാൽ: കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനു 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പഞ്ചായത്ത് സെക്രട്ടറി 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. കറുകച്ചാൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനു കരാർ എടുത്ത യുവാവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടം കവലയിൽ വച്ചാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.


പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തിൽ ചൂട്ടുവേലിൽ ടോം സി എബ്രഹാമിന്റെ ഭാര്യ അനിത എൻ.തോമസിനെ് (54)യാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കറുകച്ചാൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് പ്രദേശവാസിയായ ഒരു യുവാവായിരുന്നു. ഇയാളോട് കുടിവെള്ളം വിതരണം ചെയ്യുന്ന കരാർ നിലനിർത്തുന്നതിനായി 30,000 രൂപ കൈക്കൂലി നൽകണമെന്നു സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അനുസരിച്ചു ആദ്യം ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസിൽ വച്ച് ഇവർക്കു കൈമാറി. എന്നാൽ, ഇവർ ഇത് പോരാതെ നിരന്തരം യുവാവിനെ വിളിച്ച് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ യുവാവ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിനെ ബന്ധപ്പെട്ടു. ഇദ്ദേഹത്തിനു പരാതി നൽകിയ ശേഷം തുടർ നടപടികൾ ആരംഭിക്കുകയായിരുന്നു.

തുടർന്നു രണ്ടു ദിവസത്തോളം വിജിലൻസ് സംഘം പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കം നിരീക്ഷിച്ചു. ഇതിനിടെ ഇവർ വീണ്ടും യുവാവിനെ വിളിച്ച ശേഷം പണവുമായി എത്തണമെന്നു ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് യുവാവ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാത്താമുട്ടം കവലയിൽ എത്തി. വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ ഇട്ടു നൽകിയ പണം കാറിനുള്ളിലിരുന്ന് ഇവർ ഏറ്റുവാങ്ങി. ഈ സമയം സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

എസ്.പി വി.ജി വിനോദ്കുമാർ, ഡിവൈ.എസ്.പി അലക്‌സ് ബേബി, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, അജീബ്, എസ്.ഐമാരായ വിൻസെന്റ് കെ, സന്തോഷ്, വിനോദ്, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, തോമസ്, പ്രസാദ്, മനോജ്, സുരേഷ്കുമാർ, സ്റ്റാൻലി,  സജീവൻ, സജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ കെ.സോമൻ, ബിജു കെ.ജി, സമീർ, അനീഷ് , കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ ചൊവ്വാഴ്ച വിജിലൻസ് കോടതിയിൽ ഹാജരാക്കും.