play-sharp-fill
കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കൊടുംക്രൂരത: കാലൊടിഞ്ഞ് എഴുന്നേറ്റ് നടക്കാനാവാത്ത കൊല്ലം സ്വദേശിയെ റോഡരികിൽ തള്ളി; ഒരു തുള്ളി വെള്ളം കുടിക്കാനില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ ഉടുക്കാൻ തുണിയില്ലാതെ രോഗി ഗുരുതരാവസ്ഥയിൽ നഗരമധ്യത്തിൽ ശാസ്ത്രി റോഡരികിൽ

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കൊടുംക്രൂരത: കാലൊടിഞ്ഞ് എഴുന്നേറ്റ് നടക്കാനാവാത്ത കൊല്ലം സ്വദേശിയെ റോഡരികിൽ തള്ളി; ഒരു തുള്ളി വെള്ളം കുടിക്കാനില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ ഉടുക്കാൻ തുണിയില്ലാതെ രോഗി ഗുരുതരാവസ്ഥയിൽ നഗരമധ്യത്തിൽ ശാസ്ത്രി റോഡരികിൽ

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത് കൊടും ക്രൂരതയുടെ വാർത്ത. വലതുകാൽ ഒടിഞ്ഞു തൂങ്ങി, തലയ്ക്കു പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആംബുലൻസിൽ എത്തിച്ച് നടുറോഡിൽ തള്ളി. രണ്ടാഴ്ചയിലേറെയായി കൊടും പട്ടിണിയിൽ കുടിക്കാൻ വെള്ളമോ, കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ, അടിവസ്ത്രം മാത്രം ധരിച്ചാണ് യുവാവ് നടുറോഡിൽ കിടക്കുന്നത്.

ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ, അടിവസ്ത്രം മാത്രം ധരിച്ച്, വെയിലും മഴയുമേറ്റ് റോഡരികിൽ കിടന്നതോടെ ഇയാൾ മൃതപ്രായനായി മാറിയിട്ടുണ്ട്. ഏതു നിമിഷവും മരണത്തെമുന്നിൽ കണ്ട് കഴിയുന്ന ഇയാളുടെ ജീവൻ രക്ഷിക്കാൻ ജില്ലാ ഭരണകൂടമോ, ആരോഗ്യ പ്രവർത്തകരോ അടിയന്തരമായി ഇടപെടേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46) എന്ന പേരാണ് ഇയാളുടെ സമീപത്തെ ബിഗ്‌ഷോപ്പറിൽ നിന്നും കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിടിക്കറ്റിലും, കാഷ്യാലിറ്റി റഫറൽ റെക്കോർഡിലും ഉള്ളത്. കോട്ടയം ശാസ്ത്രി റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തെ റോഡരികിലാണ്  രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആംബുലൻസിൽ ബിജുവിനെ തള്ളിയതെന്നു സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ഏപ്രിൽ എട്ടിന് രാവിലെ 8.37 നാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. വലത്കാൽ ഒടിഞ്ഞ് കമ്പിയിട്ടതായും, തലയ്ക്കു സാരമായി പരിക്കേറ്റതിനെ തുടർന്നു സ്‌കാനിങ് നടത്തിയതായും പരിശോധനകൾ നടത്തിയതായും രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, രണ്ടാഴ്ച മുൻപ് രാവിലെ 11 മണിയോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആംബുലൻസിൽ റോഡരികിൽ കൊണ്ടു തള്ളുകയായിരുന്നു.

രണ്ടു ദിവസത്തോളം റോഡരികിൽ കരിങ്കല്ലിനു മുകളിൽ കിടന്ന ഇയാൾ ഇവിടെ നിന്നും ഇഴഞ്ഞിഴഞ്ഞ് സമീപത്തെ കടയുടെ തിണ്ണയിൽ കയറിക്കിടന്നു. തുടർന്നു, ഇയാൾ ഇവിടെ കിടക്കുന്ന വിവരം അറിഞ്ഞ് സേവാഭരതി പ്രവർത്തകർ ചില ദിവസങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി. എന്നാൽ, രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും എത്തിച്ചു നൽകാൻ ഒരു സംഘടനയും മുന്നോട്ടു വന്നിട്ടില്ല. ഇതേ തുടർന്നു പട്ടിയിൽ തളർന്ന് അവശനായി കിടക്കുകയാണ് ഇയാൾ. തളർന്നു സംസാരിക്കാൻ പോലും ശേഷിയില്ലാതെയാണ് ഇയാൾ റോഡിൽ കിടക്കുന്നത്. ഈ സാഹചര്യത്തിൽ ശക്തമായ ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.