കോറോണക്കാലത്ത് കേരളത്തെ ഒറ്റപ്പെടുത്തിയ കർണ്ണാടകയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാതെ ബിജെപി; പ്രതികരിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ പോലും പിൻതുണച്ചത് കർണ്ണാടകയെ; കേരളത്തെ വീണ്ടും ഒറ്റപ്പെടുത്തി ബിജെപിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയം

കോറോണക്കാലത്ത് കേരളത്തെ ഒറ്റപ്പെടുത്തിയ കർണ്ണാടകയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാതെ ബിജെപി; പ്രതികരിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ പോലും പിൻതുണച്ചത് കർണ്ണാടകയെ; കേരളത്തെ വീണ്ടും ഒറ്റപ്പെടുത്തി ബിജെപിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് കേരളത്തെ ഒറ്റപ്പെടുത്തിയ കർണ്ണാടകയ്‌ക്കെതിരെ ഒരക്ഷരം പോലും പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തിൽ നിന്നുള്ള റോഡുകൾ കർണ്ണാടക മണ്ണിട്ട് നികത്തി ഗതാഗതം തടസപ്പെടുത്തിയ കർണ്ണാടകത്തിന്റെ നടപടിയ്‌ക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിന്നു പ്രതിഷേധിക്കുമ്പോഴാണ്, കേരളത്തിലെ ബിജെപി നേതൃത്വം ചെറുവരൽ അനക്കാതെ നിൽക്കുന്നത്.

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തെപ്പറ്റി കേട്ടറിഞ്ഞതിനു പിന്നാലെ, ഇവർ പ്രതിഷേധിച്ചത് ഭക്ഷണം ലഭിക്കാതെയാണെന്നു കണ്ടെത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിഷയത്തിൽ  ഇതുവരെയും  ഒരക്ഷരം പോലും പറയാൻ തയ്യാറായിട്ടില്ല. കേരളവും ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്കുള്ള അതിർത്തികൾ കേരളം പൂർണമായും, അടച്ചതിന്റെ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധവുമായി എത്തിയതും, പ്രധാനമന്ത്രിയെ അടക്കം പ്രതിഷേധം അറിയിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും കാസർകോടുകാരൻ കൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒരക്ഷരം പോലും ഇതിനെതിരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ഏറെ സങ്കടകരം. കർണ്ണാടകം അതിർത്തി അടച്ചതോടെ മൂന്ന് രോഗികളാണ് കാസർകോട് നിന്നും മംഗലാപുരത്തേയ്ക്കു പോകാനാവാതെ, ചികിത്സ ലഭിക്കാതെ മരിച്ചിരിക്കുന്നത്. എന്നിട്ടു പോലും മനുഷത്വ പൂർണമായ സമീപനം സ്വീകരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

കർണ്ണാടകത്തിൽ ഭരണം നടത്തുന്ന ബിജെപി സർക്കാരാണ്. യദ്യൂരപ്പയാണ് കർണ്ണാടകത്തിൽ ഭരിക്കുന്നത്. കർണ്ണാടകത്തിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് കെ.സുരേന്ദ്രനും, കേന്ദ്രമന്ത്രി വി.മുരളീധരനും അടക്കമുള്ളവർ. ഇവരുടെ ഒരു വാക്ക് മാത്രം മതിയാകും കേരളത്തിലേയ്ക്കുള്ള ഗതാഗത തടസം നീക്കാൻ. എന്നാൽ, ഇതിനു ഇനിയും ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. കേരളത്തിൽ നിന്നും നൂറുകണക്കിന് ആളുകലാണ് മംഗലാപുരത്തെ ആശുപത്രികളെ അടക്കം ആശ്രയിക്കുന്നത്. ഇതിനെയെല്ലാം തകിടം മറിയ്ക്കുന്ന നിലപാടാണ് കർണ്ണാടക സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

രണ്ടു ദിവസമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ചിട്ട് ഫോൺ എടുക്കാനോ പ്രതികരിക്കാനോ പോലും കർണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പ തയ്യാറായിട്ടില്ല. കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് തുടരുകയും ചെയ്യുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്.

പായിപ്പാട് അതിഥി തൊഴിലാളികളുടെ വിഷയത്തിൽ അതിവേഗം ഇടപെട്ട് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയ ബിജെപി നേതൃത്വം പക്ഷേ, കർണ്ണാടക വിഷയത്തിൽ ബുദ്ധിപരമായ സമീപനം സ്വീകരിക്കുകയാണ്. കേരളത്തെ സഹായിക്കാൻ ഇടപെട്ട് മണ്ണിട്ടത്ത് നീക്കാൻ തയ്യാറായാൽ ഇത് ബിജെപിയ്ക്കും കേരളത്തിൽ ഗുണം ചെയ്യും. എന്നാൽ, ഇതിനു പോലും ബിജെപി നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് ഖേദകരം.

കേന്ദ്രമന്ത്രി വി.മുരളീധരന്റെ പോസ്റ്റ് ഇങ്ങനെ –

ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ പ്രതിഷേധമാളിക്കത്തിക്കുകയാണല്ലോ കേരള മുഖ്യമന്ത്രി. മാധ്യമങ്ങളിൽ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ ഞാൻ ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നു . കേരള-കർണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്ന് എനിക്ക് കിട്ടിയ വിവരം. ചരക്കുനീക്കത്തിനായി മൂന്നു വഴികൾ തുറന്നു കൊടുക്കാമെന്ന് ഇന്ന് ഉച്ചയ്ക്കു തന്നെ കർണാടകം അറിയിക്കുകയും ചെയ്തു. മംഗലാപുരം-കാസർകോട്, മൈസൂരു-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടൽപ്പേട്ട്- മുത്തങ്ങ വഴി സുൽത്താൻ ബത്തേരി എന്നീ വഴികളിൽ ചരക്കുനീക്കം വൈകീട്ടോടെ സാധാരണ നിലയിലെത്തുകയും ചെയ്തു.പക്ഷേ നാലാമത്തെ വഴിയായ വിരാജ്പേട്ട് – കുടക് വഴിയുള്ള പാത തുറന്നു കൊടുക്കാത്തതിലാണ് കേരളത്തിന്റെ അമർഷം മുഴുവനും. ഈ റൂട്ട് തുറന്നു കൊടുക്കുന്നതിനോട് പ്രാദേശികതലത്തിൽ വലിയ എതിർപ്പ് നിലനിൽക്കുന്നതു മാത്രമാണ് പ്രശ്നമെന്ന് കർണാടകവും പറയുന്നു. കൊവിഡ് ഭീഷണിയിൽ ആശങ്കയോടെ തുടരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കാലതാമസമേ ഈ പാത തുറക്കുന്നതിലും ഉണ്ടാകൂവെന്ന് ചുരുക്കം. അല്ലാതെ, കേരള മുഖ്യമന്ത്രിയും കൂട്ടരും പറയുന്നതുപോലെ ആരും പ്രതികാരം ചെയ്യുന്നതല്ല.

മൈസൂരുവിൽ നിന്നാണ് ഏറ്റവും കൂടുതൽ പച്ചക്കറികൾ കേരളത്തിലേക്ക് എത്തുന്നതെന്നിരിക്കെ, കുടക് വഴി തന്നെ ചരക്കെത്തണമെന്ന പിടിവാശി ആർക്കാണ്, അത് എന്തിനാണ്? ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചെന്നൊക്കെ പറഞ്ഞ് കർണാടകവും കേരളവും തമ്മിൽ ശത്രുതയെന്ന മട്ടിലാണ് മന്ത്രിമാരടക്കം ഇപ്പോൾ പ്രചാരണം നടത്തുന്നത്. അതിന്റെ പിന്നിലെ ഗൂഢലക്ഷൃമെന്താണ്? അതിർത്തി വഴിയുള്ള മൂന്നു പാതകൾ തുറന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ കുടകിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന നാലാമത്തെ വഴിയടച്ചതിൽ മാത്രം വലിയ പ്രതിഷേധമെന്ന് സാരം. വാർത്താ സമ്മേളനത്തിൽ പോലും വസ്തുതകൾ മറച്ചു വച്ച്, കർണാടക മുഖ്യമന്ത്രിയെ പഴി ചാരിയ മുഖ്യമന്ത്രിയുടെ ഈ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. കൊറോണക്കാലത്ത് ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് പിണറായി വിജയൻ പറയണം. കാസർകോട്ടെ പച്ചക്കറി വ്യാപാരികളെയടക്കം ബന്ധപ്പെട്ടപ്പോൾ ചരക്കുനീക്കം സുഗമമായി നടക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാനായത്. അതായത്, കാസർകോട് അടക്കമുള്ള മൂന്നു പാതകളിലൂടെ ചരക്കുഗതാഗതം തടസമില്ലാതെ ഇപ്പോൾ നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, കേരള- കർണാടക അതിർത്തി അടഞ്ഞു കിടക്കുന്നുവെന്ന വ്യാജ പ്രചാരണം ഇനിയെങ്കിലും നിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം.