കൊറോണക്കാലത്ത് പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ; നാട്ടുകാരുടെ ആരോഗ്യത്തിൽ ശ്രദ്ധയില്ലാതെ ഹോട്ടലുകളിൽ മലിന ഭക്ഷണം; നാഷണൽ പാർക്ക് അടക്കമുള്ള ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്ത് നാട്ടുകാരെ രോഗികളാക്കാൻ പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ. നഗരമധ്യത്തിലെ നാഷണൽ പാർക്ക് അടക്കം പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഭക്ഷണത്തിൽ ചേർക്കുന്ന നിറവും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. നിറങ്ങളും പഴകിയ ഭക്ഷണവും കൂടാതെ നിരോധിത പ്ലാസ്റ്റിക്കുകളും ഈ ഹോട്ടലുകളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
കാരിത്താസിലെ ഹോട്ടൽ ഐശ്വര്യ, കാരിത്താസ് കവലയിലെ ഹോട്ടൽ ബേസ് റൗമ, തെള്ളകത്തെ എസ്‌കാലിബർ , മംഗലക്കലുങ്കിലെ മായ റസ്റ്ററന്റ്, ഏറ്റുമാനൂർ നഗരമധ്യത്തിലെ ഹോട്ടൽ നാഷണൽ പാർക്ക്, ഏറ്റുമാനൂരിലെ എ.ആർ റസ്റ്ററന്റ് എന്നിവിടങ്ങളിലായിരുന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴകിയ എണ്ണ, ചിക്കൻ കറി, പഴകിയ ഈന്തപ്പഴം, സ്‌നാക്‌സ്, പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ ബൗൾ, പഴകിയ ചിക്കൻ, ഉള്ളിക്കറി, ചപ്പാത്തി മീൻകറി, ബീഫ്, കപ്പ വേവിച്ചത്, ബീഫ് ഉലത്തിയത്, ഉഴുന്നുമാവ്, പ്ലാസ്റ്റിക്ക് കവറുകൾ, പഴകിയ ബിരിയാണി റൈസ്, ന്യൂഡിൽസ്, മീൻ, തെർമോക്കോൾ പാക്കറ്റിലെ ചപ്പാത്തി, പുളിശേരി, പഴയ എണ്ണ, ചോറ്, പഴകിയ മീൻകറി, പഴകിയ കപ്പ പുഴുങ്ങിയത്, ഉരുളക്കിഴങ്ങ് വറുത്തത്, മീൻ വറുത്തത്, ദിവസങ്ങളോളം പഴക്കമുള്ള മീൻകറിയും ചിക്കൻ കറിയും ബീഫ് കറിയും ഫ്രൈയും വിവിധ ഇനം ഗ്രേവികൾ , പന്നിയിറച്ചിയും പീസും ഗ്രേവിയും അടക്കമുള്ളവയാണ് വിവിധ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി മോഹൻദാസിന്റെ നേതൃത്വത്തിൽ കൊറോണ ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹെൽത്ത് ഇൻസ്‌പെക്ടർ വിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.