കൊറോണക്കാലത്ത് കോട്ടയത്ത് വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്: മീനടത്തെ കൊറോണയ്ക്കും, ചെങ്ങളത്തെ മരണത്തിനും പിന്നാലെ, കൊറോണ ബാധിതരെ ചികിത്സിച്ച നഴ്സുമാരെയും ബലിയാടാക്കി സാമൂഹ്യ മാധ്യമങ്ങൾ: വ്യാജ പ്രചാരണങ്ങൾക്ക് വിമാന വേഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്ത് കോട്ടയത്ത് വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. പാമ്പാടി മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതായി പ്രചരിച്ചതിന് പിന്നാലെ, ചെങ്ങളത്ത് കൊറോണ ബാധിച്ച രോഗി മരിച്ചതായാണ് വെള്ളിയാഴ്ച രാവിലെ ഉണ്ടായ പ്രചാരണം. ഇതിന് പിന്നാലെയാണ് , മെഡിക്കൽ കോളജിൽ കൊറോണ ബാധിതരെ ചികിത്സിച്ച നഴ്സുമാരെ താമസിക്കുന്ന മുറിയിൽ നിന്നും ഇറക്കി വിട്ടതായുള്ള പ്രചാരണം ഉണ്ടായത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് 19 ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായാണ് പരാതി ഉയർന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നാണ് പരാതി. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു വീട്ടുടമസ്ഥന്‍ ഇറക്കിവിടുകയായിരുന്നു എന്ന് നഴ്സുമാര്‍ പറഞ്ഞതായും സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താമസിക്കുന്ന സ്ഥലത്തു നിന്നും ഇറക്കി വിട്ടതോടെ ഐ സലേഷൻ വാർഡിനു മുകളിലെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് ഇവരിപ്പോൾ താമസിക്കുന്നതുമെന്നായിരുന്നു പ്രചാരണം. അതേസമയം ,നഴ്സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും പറഞ്ഞു.
എന്നാൽ , നഴ്‌സുമാരെ താമസ സ്ഥലത്ത് നിന്നും ഇറക്കി വിട്ടു എന്ന പ്രചാരണം വ്യാജമാണെന്ന് മെഡിക്കൽ കോളജിലെ നഴ്സിങ്ങ് ഓഫിസർ ഇന്ദിര തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ടു എന്നു പറയുന്ന മൂന്ന് മെയിൽ നഴ്സുമാരെയും തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധി ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ഇവർ തയ്യാറായില്ല.
ഇവർ താമസിച്ച മുറിയുടെ ഉടമസ്ഥൻ്റെ മകൻ്റെ വിവാഹം ആണ് അടുത്ത ദിവസം. ഈ സാഹചര്യത്തിൽ ഏതെങ്കിലും രോഗ ബാധ ഉണ്ടായാൽ ഇത് വിവാഹത്തെ ബാധിക്കും. ഇത് ഒഴിവാക്കാൻ മുറി ഉടമ അഭ്യർത്ഥിച്ച പ്രകാരം മുറി ഒഴിയുകയായിരുന്നു എന്നാണ് നഴ്സുമാർ നൽകുന്ന വിശദീകരണം. ഇവർക്ക് താമസിക്കാൻ വേണ്ട ക്രമീകരണം ഒരുക്കുമെന്നും നഴ്സിങ്ങ് ഓഫിസർ അറിയിച്ചു.