play-sharp-fill

കൊറോണക്കാലത്ത് ഭക്ഷണം കഴിക്കാതെ വിഷമിക്കുകയാണോ..? ജില്ലാ പൊലീസുണ്ട് നിങ്ങൾക്കു കരുതലുമായി; പഴി കേൾക്കുമ്പോഴും കരുതൽ നൽകാൻ പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ വിഷമിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഒട്ടും മടിക്കേണ്ട, നിങ്ങൾക്ക് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഒന്നു വിളിച്ചു പറഞ്ഞാൽ മാത്രം മതി. നിങ്ങൾക്ക് വേണ്ടതെല്ലാം വീട്ടുമുറ്റത്ത് എത്തും. കൊറോണക്കാലത്ത് ആവശ്യത്തിലേറെ പഴികേൾക്കുന്നുണ്ടെങ്കിലും, ഒട്ടും മടി കൂടാതെ തന്നെ നാട്ടുകാർക്കു വേണ്ടി രംഗത്തിറങ്ങുകയാണ് കേരള പൊലീസ്. ജില്ലയിൽ വാകത്താനം, ചിങ്ങവനം എന്നിവിടങ്ങളിലാണ് പൊലീസ് സാധാരണക്കാരുടെ അത്താണിയായി രംഗത്ത് എത്തിയത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രോഗം ബാധിച്ചു കഴിയുന്നവരെയും, ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെയും, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ചന്ദ്രന്റെയും നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്തത്. പ്രദേശത്തെ വീടുകളിൽ നേരിട്ടെത്തിയ പൊലീസുകാർ, അവശ്യ സാധനങ്ങളും ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കളും നൽകി.

ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്. ചിങ്ങവനത്തെ വിവിധ കോളനികളിലും കൂടുതൽ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് ഇത്തരത്തിൽ ഭക്ഷണവും, വസ്ത്രവും അവശ്യ സാധനങ്ങളും എത്തിച്ചു നൽകിയത്.

ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവരെ ലാത്തിക്ക് അടിക്കുകയും, ഏത്തമിടീപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ പുലിവാൽ പിടിച്ച പൊലീസാണ് ഇപ്പോൾ മാന്യതയുടെ മുഖവുമായി എല്ലാവർക്കും വേണ്ടതെല്ലാം നൽകി മാന്യരായത്. കേരളം പൊലീസിലൂടെ വച്ചു നീട്ടുന്ന മറ്റൊരു മാതൃകയാണ് കൊറോണക്കാലത്ത് ഇപ്പോൾ പുറത്തു വരുന്നത്.