റാന്നിയിലെ കൊറോണ ബാധിതയായ വയോധികയുടെ സ്ഥിതി അതീവ ഗുരുതരം: ഇവരുടെ കൊച്ചു മക്കൾ ചികിത്സ തേടിയ കോട്ടയം തിരുവാതുക്കലിലെ ക്ലിനിക്ക് പൂട്ടിച്ചു: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയായ രോഗിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. റാന്നി സ്വദേശിയായ 85 വയസുകാരിയായ സ്ത്രീയാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ അടക്കം 9 പേരാണ് കൊറോണ ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുന്നത്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളും , കൊറോണ സ്ഥിരീകരിച്ചവരുമായവരുടെ മാതാപിതാക്കളെയും മകനെയും ഭാര്യയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നി സ്വദേശികളായ കൊറോണ ബാധിതർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു. റാന്നി സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചെങ്ങളം സ്വദേശികളായ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.
ഇതിനിടെ ഇറ്റലിയിൽ നിന്നെത്തിയവരെ നെടുമ്പാശേരിയിൽ സ്വികരിക്കാൻ പോയ മകളും മരുമകനും പ്രാഥമിക ചികിത്സ തേടിയ ചെങ്ങളം തിരുവാതുക്കലിലെ സ്വകാര്യ ക്ലിനിക്കായ ബേസിക് ക്ലിനിക്ക് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ക്ലിനിക്കിൽ നിന്നും ആണുബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് ക്ലിനിക്ക് പിടിച്ചതെന്നാണ് ജില്ല ആരോഗ്യ വകുപ്പിൻ്റെ വാദം. ഈ ക്ലിനിക്കിൻ്റെ ഉടമയായ ഡോക്ടർ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും മുൻ കരുതൽ എന്ന നിലയിലാണ് ഇദ്ദേഹത്തെ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നത്.
പനി ബാധ കണ്ടെത്തിയതിനെ തുടർന്ന് കുടുംബം ആദ്യം ഈ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ ഇവർക്ക് ശേഷം എത്തിയവർ ആരൊക്കെ എന്ന് ഇനി പരിശോധിക്കും. തുടർന്ന് ഇവരെയും നിരീക്ഷണത്തിന് വിധേയരാക്കും.
പരിഭ്രാന്തരാകേണ്ട ആവശ്യം ഒന്നും ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
സ്ഥിതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേരുകയാണ്.