
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണയിൽ പകച്ചു നിന്ന കോട്ടയത്തിനെ പടുകുഴിയിൽ നിന്ന് കരകയറ്റി ചരിത്രത്തിൻ്റെ ഭാഗമായ ശേഷം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു സർവീസിൽ നിന്നും വിരമിക്കുന്നു. ഇന്ന് സർവീസിൽ നിന്നും വിരമിച്ച് ധർമ്മടത്തെ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ കോട്ടയത്തെ സുരക്ഷിത തീരത്ത് എത്തിച്ച ശേഷമാണ് മടങ്ങുന്നത് എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു .
ലോകത്തിനു തന്നെ മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങളുമായാണ് കോട്ടയം ജില്ല കൊറോണയെ പ്രതിരോധിച്ച് നിന്നത്. രാജ്യത്ത് കൊറോണാ വ്യാപകമായപ്പോൾ കോട്ടയത്തും പത്തനംതിട്ടയിലുമാണ് ആദ്യം വൈറസ് ബാധ എത്തിയത്. ഈ കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ ജില്ലാ കളക്ടർ സ്വന്തം നിലയിൽ തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങളത്ത് ആദ്യമായി രണ്ടു പേർക്കു കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ പി.കെ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഈ ജാഗ്രത തന്നെയാണ് ജില്ലയിൽ ആദ്യ ഘട്ടത്തിൽ കൊറോണയെ തടഞ്ഞു നിർത്തിയത്. രണ്ടാം ഘട്ടമായി കോട്ടയത്ത് മാർക്കറ്റിലെത്തിയ ലോറിയിലൂടെയാണ് കൊറോണ കോട്ടയത്തെ ഭയപ്പെടുത്തിയത്. ഈ ഘട്ടത്തിൽ തെല്ലു ഭയപ്പെട്ടെങ്കിലും കോട്ടയത്തെ സ്വന്തം ചുമലിലേറ്റിയാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു മുന്നോട്ടു നയിച്ചത്.
രണ്ടാംഘട്ടത്തിലും സാമൂഹിക വ്യാപനം എന്ന ഭീതിയെ ഭലപ്രദമായി തടഞ്ഞു നിർത്തിയത് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർണ്ണായകമായ ഇടപെടലുകളായിരുന്നു. ജില്ലയിലെ പൊലീസിനെയും ആരോഗ്യ വിഭാഗത്തെയും മറ്റെല്ലാ വകുപ്പുകളെയും ഒന്നിച്ചു ചേർത്താണ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എന്ന നിലയിൽ പി.കെ സുധീർ ബാബു മുന്നോട്ടു നയിച്ചത്.
ജില്ല ഇതുവരെ കണ്ട ജില്ലാ കളക്ടർമാരിൽ നിന്നും വ്യത്യസ്തനായിരുന്നു പി.കെ സുധീർബാബു. ഏതു സമയത്ത് എന്ത് ആവശ്യം പറഞ്ഞു സാധാരണക്കാരായ ആർക്കും ജില്ലാ കളക്ടറെ സമീപിക്കാമായിരുന്നു. ഫോണിൽ വിളിച്ചാൽ ഏതു സമയത്തും ഫോണെടുക്കുന്ന കളക്ടർ. മിസ് കോൾ കണ്ടാൽ തിരികെ വിളിക്കുന്ന കളക്ടർ. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കളക്ടറാണ് ഇന്ന് കളക്ടറേറ്റ് ബംഗ്‌ളാവിന്റെ പടിയിറങ്ങുന്നത്.
കോട്ടയം ഇതുവരെ കാണാത്ത വ്യത്യസ്തനായ കളക്ടർക്കു വിശ്രമ ജീവിതത്തിന് എല്ലാ വിധ ആശംസകളും തേർഡ് ഐ ന്യൂസ് ലൈവ് നേരുന്നു…!