
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകള്‍ക്കു നടുവില്‍ അർജന്റീനയ്ക്ക് വിജയത്തുടക്കം.
കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന തളച്ചത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന കളത്തിലിറങ്ങിയത്.
മെസ്സിക്കൊപ്പം യൂലിയൻ അല്‍വാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോള്‍, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമില്‍ ആയിരുന്നു. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴില്‍ പുതുടീമാണു കാനഡ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎസിലെ മേജർ സോക്കർ ലീഗില്‍നിന്നുള്ള 14 താരങ്ങള്‍ ടീമിലുണ്ട്. ആഭ്യന്തര ലീഗിലെ ഈ പരിചയം കാനഡയെ തുണയ്ക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അല്‍ഫോൻസോ ഡേവിസാണ് കാനഡയുടെ ക്യാപ്റ്റൻ.
നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കാനഡ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. പന്തടക്കത്തിലും ആദ്യ മിനിറ്റുകളില്‍ കാനഡയാണ് മുന്നിട്ടുനിന്നത്.
എന്നാല്‍ 9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കാനഡയുടെ കോര്‍ണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോള്‍കീപ്പര്‍ സേവ് ചെയ്തു.