
പാറമട മൂലം ജീവിക്കാനാകുന്നില്ല…! കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കൊടുങ്ങ സ്വദേശിനി ; പാറമട പ്രവർത്തിപ്പിക്കുന്നതിനെതിരെ കളക്ടറേറ്റിൽ അടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: പാറമട മൂലം ജീവിക്കാനാകുന്നില്ലന്ന് ആരോപിച്ച് കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കൊടുങ്ങയിൽ പ്രവർത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തൻ്റെയും കുഞ്ഞിൻ്റെയും ദേഹമാസകലം ഒഴിച്ച ശേഷം ഇവർ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവർ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്.
പാറമടയുടെ പ്രവർത്തനം മൂലം യുവതി വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ വാടക വീട് ഒഴിയേണ്ടിവന്നതോടെ കൊടുങ്ങയിലെ സ്ഥലം വിറ്റ് മറ്റൊരിടത്ത് വാങ്ങുവാൻ ഇവർ ശ്രമം നടത്തി. സ്ഥലം പാറമടയുടെ അടുത്ത് ആയതിനാൽ ആരും വാങ്ങാൻ കൂട്ടാക്കിയില്ല.
പാറമട പ്രവർത്തിപ്പിക്കുന്നതിനെതിരെ കലക്ടറേറ്റിൽ അടക്കം പല പരാതികൾ നൽകിയെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ ഗതികെട്ടാണ് പഞ്ചായത്തോഫീസിലെത്തി ഇവർ ആത്മഹത്യ ശ്രമം നടത്തിയത്.