കൂട്ടിക്കൽ, പുതുപ്പള്ളി പഞ്ചായത്തുകളിൽ കൊടുംവരൾച്ച; മീനച്ചിലാറ്റിലും മണിമലയാറ്റിലും ഒഴുക്ക് ഇടമുറിഞ്ഞ സ്ഥിതി; ഭൂഗർഭ ജലനിരപ്പിലും കാര്യമായ കുറവ്; വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ വിഭാഗം റിപ്പോർട്ട് കൈമാറി

Spread the love

എരുമേലി: കോട്ടയം ജില്ലയിൽ കൂട്ടിക്കൽ, പുതുപ്പള്ളി പഞ്ചായത്തുകളിൽ കൊടുംവരൾച്ച.

പഞ്ചായത്തുകളിൽ വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിനു ജില്ലാ ദുരന്തനിവാരണ വിഭാഗം സർക്കാരിലേക്കു റിപ്പോർട്ട് കൈമാറി. സർക്കാരിന്റെ നിർദേശവും ഫണ്ടും കിട്ടുന്ന മുറയ്ക്കു ശുദ്ധജല വിതരണം ആരംഭിക്കുമെന്നു ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു.

വരൾച്ച രൂക്ഷമായതോടെ മീനച്ചിലാറ്റിലും മണിമലയാറ്റിലും മിക്ക സ്ഥലങ്ങളിലും ഒഴുക്ക് ഇടമുറിഞ്ഞ സ്ഥിതിയിലാണ്. ചെക്ക് ഡാമുകൾ ഇല്ലാത്ത ഭാഗങ്ങളിൽ ചാലുകൾ പോലെയാണ് ഒഴുക്ക്. മീനച്ചിലാറിൽ പലഭാഗത്തും ഒഴുക്ക് നിലച്ച നിലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിലെ ജലനിരപ്പ് കണ്ടെത്തുന്നതിനു ഹൈഡ്രോളജി വകുപ്പ് സ്ഥാപിച്ച സ്കെയിലുകളിലും ജലനിരപ്പ് തീരെ കുറഞ്ഞു. മീനച്ചിലാറ്റിലെ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ സ്കെയിൽ ജലനിരപ്പ് 10 സെന്റീമീറ്ററിൽ താഴെയാണ്.

മണിമല ആറ്റിലും ചെക്ക് ഡാം ഇല്ലാത്ത സ്ഥലങ്ങളിൽ ആറ് വറ്റി വരണ്ട് അടിത്തട്ടിലെ പാറ തെളിഞ്ഞ നിലയിലാണ്. ചെക്ക് ഡാം ഉള്ള കരിമ്പുകയം പോലുള്ള മേഖലകളിൽ മാത്രമാണു വെളളം ഉള്ളത്. പമ്പയാറ്റിലെ എയ്ഞ്ചൽവാലി, മൂലക്കയം, കണമല ഭാഗങ്ങളിൽ പ്രളയത്തിൽ വൻതോതിൽ മണൽ വന്ന് അടിഞ്ഞതു മൂലം കയങ്ങൾ നികന്ന് അതിവേഗം വരൾച്ച ബാധിക്കുന്നുണ്ട്.

ഭൂജലവകുപ്പിന്റെ കണക്കുകൾ പ്രകാരം ഭൂഗർഭ ജലനിരപ്പിലും കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്. കുഴൽ കിണറുകളെ അപേക്ഷിച്ചു തുറന്ന കിണറുകളിലാണ് അതിവേഗത്തിൽ ജലനിരപ്പ് താഴുന്നതെന്നു ഭൂജലവകുപ്പ് അധികൃതർ പറയുന്നു.