
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; കാറിൽ ഉണ്ടായിരുന്ന യുവാക്കൾക്ക് രക്ഷകനായി കൂത്താട്ടുകുളം സ്വദേശി വിനോദ്
കൂത്താട്ടുകുളം: ഇലഞ്ഞി മുത്തോലപുരത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്നവർക്ക് രക്ഷകനായി കൂത്താട്ടുകുളം സ്വദേശി വിനോദ്.
വാഹനത്തിലുണ്ടായിരുന്ന ഇലഞ്ഞി കൂര് സ്വദേശികളായ മാർവിൻ ജിജോ (21), ടിന്റോ ജോർഡി (22), ബിനോജൻ മനോജ് (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് മുത്തോലപുരം വേളച്ചേരിത്താഴത്ത് കാർ കനാലിലേക്കു വീണ് അപകടത്തില്‍ പെട്ടത്. കാറിന്റെ വശങ്ങളിലുള്ള ഗ്ലാസുകള്‍ താഴ്ന്നു കിടന്നതിനാല്‍ കാറിനുള്ളിലുള്ളവരെ പുറത്തേക്ക് എത്തിക്കാൻ പെട്ടന്ന് സാധ്യമായത് വലിയ അപകടം ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിറയെ വെള്ളമുണ്ടായിരുന്ന എം.വി.ഐ.പി. കനാലില്‍ വീണ ഉടനെ തന്നെ 20 മീറ്ററോളം കാർ ഒഴുകി നീങ്ങി.
കൂത്താട്ടുകുളം കിഴകൊമ്ബ് പുതുശ്ശേരിയില്‍ വിനോദാണ് കനാലില്‍ മുങ്ങിയ കാറിലകപ്പെട്ട മൂവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. കാറിനെ കയർ കൊണ്ട് കെട്ടിനിർത്തി. ക്രെയിനിന്റെ സഹായത്താല്‍ കാർ കരയിലേക്ക് മാറ്റി. കൂത്താട്ടുകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.