video
play-sharp-fill

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ മുഴുവൻ അന്വേഷണ ഉദ്യോഗസ്ഥർക്കും ഗുഡ് സർവീസ് എൻട്രി

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ മുഴുവൻ അന്വേഷണ ഉദ്യോഗസ്ഥർക്കും ഗുഡ് സർവീസ് എൻട്രി

Spread the love

 

സ്വന്തം ലേഖകൻ

വടകര: കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും സങ്കീർണ്ണമായ കേസായി കോഴിക്കോട് കൂടത്തായിയിലെ കൂട്ടകൊലപാതകങ്ങൾ. സംഭവത്തിന്റെ ചുരുൾ അഴിക്കാൻ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ റൂറൽ എസ്പിയുടെ ഗുഡ് സർവീസ് എൻട്രി നൽകിയിരിക്കുകയാണ്. കേസിൽ ഭാഗമായ പോലീസ് ഡ്രൈവർ ഉൾപ്പടെയുള്ള 15 ഉദ്യോഗസ്ഥർക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.

ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ച റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിൽ, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നൽകിയ അഡീഷണൽ എസ്പി സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസൻ, എസ്ഐ ജീവൻ ജോർജ് തുടങ്ങിയവർക്കാണ് അംഗീകാരം. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തിൽ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് അംഗീകാരം നൽകാൻ തീരുമാനം എടുത്തത്.

കൂടത്തായിയിലും പുലിക്കയത്തും എൻഐടിയിലും കട്ടപ്പനയിലുമെല്ലാം പോലീസുകാർ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാർ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്. കല്ലറ പൊളിച്ചതിനുശേഷമാണ് ഇവർ താടി ഒഴിവാക്കിയത്.

കട്ടപ്പനയിൽ അന്വേഷണത്തിനു പോകുമ്പോൾ വടക്കൻഭാഷ പ്രശ്‌നമാകാതിരിക്കാൻ മുൻകൂട്ടി തയ്യാറെടുത്തു. എൻഐടിയിലും പലരൂപത്തിൽ പോലീസുകാർ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉൾപ്പെടുത്തി. ഈ ബുദ്ധിമുട്ടുകളും മറ്റും കണ്ടാണ് ഗുഡ് സർവീസ് എൻട്രി അംഗീകാരം നൽകാൻ ഇടയായത്.

ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയിൽ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിന് വിട്ടത്. അവസാനഘട്ടത്തിൽ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോൾ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാൻ പറഞ്ഞു.

പോലീസിന്റെ മുന്നിൽവെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാൽ, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോൾ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചൻ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയിൽപ്പോയി പഠിച്ചുവെച്ചിരുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ്.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നിർദേശപ്രകാരം എസ്ഐ ജീവൻ ജോർജ് നടത്തിയ രഹസ്യാന്വേഷണമാണ്. ഈ അന്വേഷണത്തിലാണ് ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് തെളിഞ്ഞത്.

പിന്നീട് വിശദമായി അന്വേഷിച്ചപ്പോൾ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വെളിപ്പെടുകയായിരുന്നു. ജീവൻ ജോർജ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഡിവൈഎസ്പി ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോർട്ടാക്കി എസ്പി കെജി സൈമണ് സമർപ്പിക്കുകയായിരുന്നു. പോലീസിന് ഏറെ അഭിമാനകരമായ പ്രവർത്തനങ്ങളും അന്വേഷണങ്ങളും നടത്തിയതിന്റെ ഭാഗമായാണ് ഈ അംഗീകാരം.