
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ; അന്വേഷണം മുൻ എസ്.ഐ രാമനുണ്ണിയിലേക്കും ; കേസിൽ വഴിത്തിരിവ്
സ്വന്തം ലേഖിക
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ ഇപ്പോൾ വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്യാൻ കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരിക്കും കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഷാജുവിനെതിരെ നേരത്തെ ഭാര്യ ജോളി അന്വേഷണ സംഘത്തോട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കൊന്നത് താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാൽ തനിക്ക് ദു:ഖമില്ലെന്നും, അവൾ മരിക്കേണ്ടവൾ തന്നെയായിരുന്നെന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. ഇത് മറ്റാരും അറിയരുതെന്ന് ഷാജു പ്രത്യേകം പറഞ്ഞെന്നും ജോളി പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം കേസിന്റെ അന്വേഷണം റിട്ട. എസ്.ഐയിലേക്കും നീങ്ങുന്നു. ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥനായ കോടഞ്ചേരി എസ്.ഐ രാമനുണ്ണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. റോയിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയായിരുന്നു. റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ സയനൈഡിന്റെ അംശത്തെ കുറിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നില്ല.
അതേസമയം, അറസ്റ്റിലായ മുഖ്യപ്രതി ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് തിരിഞ്ഞു. കൊലപാതകങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ജോളിയെ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 11 പേർ നിരീക്ഷണത്തിലാണ്. ജോളിയുമായി ബന്ധമുള്ള ബി.എസ്.എൻ.എൽ ജീവനക്കാരനെയും രണ്ട് പൊതുപ്രവർത്തകരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇതിൽ ഒരാളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ ഒസ്യത്ത് നിർമ്മിക്കാൻ ജോളിയെ സഹായിച്ചവരും കൂട്ടത്തിലുണ്ട്.
തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവാണ് മറ്റൊരു പ്രധാന കണ്ണി. ഇയാൾക്ക് അഞ്ച് തവണ സയനൈഡ് നൽകിയിട്ടുണ്ടെന്ന് അറസ്റ്റിലായ സ്വർണത്തൊഴിലാളി പ്രജുകുമാർ മൊഴി നൽകിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയത്. ജോളി ഇത് ഉപയോഗിക്കുന്നത് കൊലപാതകത്തിനാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് വിവരം.