play-sharp-fill
കൂടത്തായി കേസ് അന്വേഷിക്കാൻ സമാന്തര പൊലീസ്: കേസ് അന്വേഷണത്തിനായി ‘സംഘം’ വീടുകളിലും സ്ഥാപനങ്ങളിലും എത്തി; കാശുണ്ടാക്കാൻ കൊലക്കേസിനെയും മറയാക്കുന്നവർക്കെതിരെ പൊലീസ് രംഗത്ത്

കൂടത്തായി കേസ് അന്വേഷിക്കാൻ സമാന്തര പൊലീസ്: കേസ് അന്വേഷണത്തിനായി ‘സംഘം’ വീടുകളിലും സ്ഥാപനങ്ങളിലും എത്തി; കാശുണ്ടാക്കാൻ കൊലക്കേസിനെയും മറയാക്കുന്നവർക്കെതിരെ പൊലീസ് രംഗത്ത്

ക്രൈം ഡെസ്‌ക്
കോഴിക്കോട്: ഒരു കുടുംബത്തിലെ ആറു പേരെ അതിദാരുണമായി പതിന്നാല് വർഷത്തിനിടെ കൊന്ന സംഭവത്തിൽ വ്യാജ അന്വേഷണ സംഘം രംഗത്ത്.
കേസിലെ പ്രതികളെ അന്വേഷിക്കാനെന്ന വ്യാജേനെ രംഗത്തിറങ്ങിയിരിക്കുന്ന ‘ക്രൈം ബ്രാഞ്ച്’ സംഘത്തെക്കൊണ്ട് പൊലീസ് പൊറുതിമുട്ടി. ഒടുവിൽ കേസിലെ അന്വേഷണ സംഘത്തലവൻ കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമൺ തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് ജാഗ്രത നിർദേശം പുറത്തിറക്കി.
കൂടത്തായിയിൽ ജോളി സൈനേഡ് നൽകി തന്റെ കുടുംബത്തിലെ ആറു പേരെയണ് കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് വ്യാപകമായ പ്രചാരണവുമായി ഇപ്പോൾ വ്യാജ അന്വേഷണ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.
കൊലപാതകക്കേസിന്റെ അന്വേഷണത്തിനായി എത്തുന്നവർ എന്ന വ്യാജേനെയാണ് സംഘം എത്തിയത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയ സംഘം, പലരെയും ചോദ്യം ചെയ്യുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.
ഇതു സംബന്ധിച്ചു പരാതി വ്യാപകമായ സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണ സംഘത്തലവൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ സർക്കുലർ ഇറക്കേണ്ടി വന്നത്.
പത്രങ്ങൾക്ക് ഔദ്യോഗിക പ്രസ്താവനയായി തന്നെ ഇത് നൽകിയിട്ടുണ്ട്. കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്രമായ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസ് അന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ ചിലർ ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റുള്ളവരെയും ഇന്റർവ്യൂ ചെയ്യുന്നതായും, ചോദ്യം ചെയ്യുന്നതായും പല സ്ഥലങ്ങളിൽ നിന്നും പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള പ്രവർത്തികൾ കേസ് അന്വേഷണത്തെ ബാധിക്കുന്നതിനാലും നിയമവിരുദ്ധമായതിനാലും, ഇത്തരം പ്രവർത്തികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം. ഇല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.