രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുഹമ്മദലി നാടുവിട്ടെന്ന് സഹോദരൻ;കൊലപാതകങ്ങൾ നടക്കുമ്പോൾ നാട്ടിൽ ഇല്ല; ചുരുളഴിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ്

Spread the love

കോഴിക്കോട്: കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് മുഹമ്മദലിയുടെ കുറ്റസമ്മതത്തിന് പിന്നാലെ സഹോദരൻ ആരെയും കൊന്നിട്ടില്ലെന്ന് ജ്യേഷ്ഠൻ പൗലോസ്.
രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദലി തിരികെ വന്നത് 10 വർഷത്തിന് ശേഷമാണെന്നും ജ്യേഷ്ഠൻ പൗലോസ്.

1986ൽ കൂടരഞ്ഞിയിൽ മരണം നടക്കുമ്പോൾ ആന്റണി വീട്ടിൽ ഉണ്ടായിരുന്നില്ല. എവിടെയാണെന്ന് അറിവും ഉണ്ടായിരുന്നില്ല. വീട്ടിൽനിന്നു 4 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. ഈ ഭാഗത്ത് ആന്റണി താമസിച്ചിരുന്നോ എന്നും തനിക്ക് അറിയില്ലെന്നും പൗലോസ് പറഞ്ഞു.

വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷം ആന്റണി വയനാട്ടിലേക്കു പോയതും വിവാഹിതനായതും പൗലോസ് ഓർക്കുന്നുണ്ട്. മൂത്ത മകൻ ഒമ്പതാം വയസ്സിൽ മരിച്ച ശേഷം ആന്റണിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും അറിവുണ്ട്. മുഹമ്മദലി എന്നു പേരു മാറ്റിയ ശേഷം മലപ്പുറം വേങ്ങരയിൽ വീണ്ടും വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് അറിയാം. പിന്നീട് കൂടരഞ്ഞിയിലെ കുടുംബവുമായി ബന്ധമുണ്ടായിട്ടില്ല. കോതമംഗലത്തു നിന്ന് കുടിയേറിയ പൈലോ–ഏലി ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് പൗലോസ്. ഏറ്റവും ഇളയ ആളാണ് ആന്റണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദലി കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്നു പറയുന്നയാൾ കണ്ണൂർ ഇരിട്ടി സ്വദേശിയെന്നു സൂചന. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു. ‘രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ല. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് മരണം. ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മാസങ്ങൾക്കു ശേഷം അയാളുടെ പിതാവ് കൂടരഞ്ഞിയിൽ വന്ന് അന്വേഷിച്ചു പോയിരുന്നു–’ ദേവസ്യ പറഞ്ഞു.

വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പൊരുളുകൾ ചികയാൻ സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ 1986ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങി.

മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സഹോദരൻ പൗലോസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ആ വഴിക്കും പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 2015ൽ കോഴിക്കോട് വിജയ ആശുപത്രിയിലും തൊട്ടടുത്ത വർഷം മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദലി ചികിത്സ തേടിയിരുന്നതായും വിവരം കിട്ടി. അതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

കൂടരഞ്ഞിയിൽ മരിച്ച യുവാവിന്റെ ശ്വാസകോശത്തിൽ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണത്തിനു 3 ദിവസങ്ങൾക്കു േശഷം ഇരിട്ടിയിൽ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ വന്നിരുന്നതായി നാട്ടുകാർ ഓർക്കുന്നു. മരിച്ചത് മകനാണോ എന്ന സംശയം ഉയർത്തിയാണ് ഇരിട്ടിയിൽ നിന്ന് എത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പൊലീസ് ആരംഭിച്ചത്. അതേസമയം 1980ൽ കൂടരഞ്ഞിയിൽ കൂലിപ്പണിക്ക് വന്നിരുന്നതു മുഴുവൻ പാലക്കാട് ഭാഗത്തു നിന്നുള്ളവരാണെന്നു നാട്ടുകാർ പറയുന്നു.

വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് പൊലീസ് ശേഖരിക്കുന്നുണ്ട് . അന്നത്തെ പത്ര വാർത്തയിൽ വിശദമാക്കിയിരിക്കുന്ന രീതിയിൽ മുറിവുകളോ ശ്വാസകോശത്തിൽ മണ്ണിന്റെ അംശമോ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

ഇതു തെളിഞ്ഞാൽ, അന്ന് അജ്ഞാത മൃതദേഹം എന്നു കണക്കാക്കി അവസാനിപ്പിച്ചിരുന്ന കേസ് ഫയൽ വീണ്ടും തുറക്കേണ്ടി വരും. പ്രത്യേക എഫ്ഐആർ ഇതിനായി വേണ്ടതില്ലെന്നും പഴയ കേസിൽ തുടരന്വേഷണം മതിയാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളയിൽ കൊലപാതകത്തിനു മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന ‘കഞ്ചാവ് ബാബു’വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ക്രിമിനൽ കേസ് രേഖകളിൽ ഈ പേര് ഉണ്ടോ എന്നാണു പരിശോധിക്കുന്നത്