video
play-sharp-fill
കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ്

കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ്

സ്വന്തം ലേഖകൻ

കോന്നി: ഇത്തവണയും കോന്നി എല്‍ഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സര്‍വേ. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് ഇതോടെ അങ്കലാപ്പിലായി.

കോന്നിയില്‍ യുഡിഎഫിന് കാര്യമായ മത്സരം കാഴ്ച്ചവെക്കാന്‍ പോലും സാധിക്കില്ലെന്നും സര്‍വെയില്‍ പറയുന്നു. രണ്ടാം അങ്കത്തിനിറങ്ങിയ ജനീഷ് കുമാറിന് അനുകൂലമാണ് കോന്നിയിലെ സ്ഥിതിയെന്ന റിപ്പോര്‍ട്ട് സര്‍വ്വെയിലൂടെ പുറത്തുവന്നതോടെ യുഡിഎഫില്‍ പ്രതിസന്ധിയും രൂക്ഷമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരമ ന്യൂസ് നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ 94.67 ശതമാനം പേര്‍ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച അഡ്വ. കെ.യു ജനീഷ് കുമാറിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. മണ്ഡലത്തില്‍ 16 മാസക്കാലം ജനീഷ് കുമാര്‍ നടത്തിയ ഇടപെടീലും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ച കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ നേതൃത്വം നല്‍കിയയാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തേ പ്രാദേശിക ഘടകം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ചെവിക്കൊള്ളാതിരുന്ന നേതൃത്വത്തിന്റെ നിലപാടാണ് കോന്നിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മാറിയതെന്ന് ഒരു വിഭാഗമാളുകള്‍ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സാണ്ടര്‍ മാത്യു സിപിഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയായിരുന്നു രാജിക്ക് കാരണം. വരും ദിസവങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പരാജയ ഭീതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ എംപിയുടെ നേതൃത്വത്തില്‍ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാറിനെ ആക്ഷേപിക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ജനം തള്ളിക്കളയുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സര്‍വെ ഫലം.ജനീഷ് കുമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ബോധ്യമുള്ള ജനങ്ങള്‍ക്ക് മുമ്പില്‍ ഇത്തരം ആക്ഷേപങ്ങള്‍ നിരത്തുക വഴി യുഡിഎഫ് ഒറ്റപ്പെടുകയായിരുന്നു.

മനോരമ സര്‍വേ ഫലം കൂടി പുറത്തുവന്നതോടെ നിഷ്പക്ഷ ജനവിഭാഗങ്ങളും ഇടതിനൊപ്പം അണിനിരക്കും. യുഡിഎഫിലെ അസംതൃപ്തരും എല്‍ഡിഎഫിന് അനുകൂലമാല തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തല്‍.നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ വോട്ടുവ്യത്യാസത്തില്‍ പരാജയപ്പെട്ടേക്കാമെന്നാണ് കോന്നിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സര്‍വെ ഫലം.