
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി. ‘സിഎമ്മേ ഒരു ചോദ്യം…’ എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രിയുടെ ഈ വിധത്തിലുള്ള പ്രതികരണം. കോന്നി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് വേദി.
അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ‘സിഎമ്മേ ഒരു ചോദ്യം… ‘എന്ന് കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഈ പ്രതികരണമുണ്ടായത്.
തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത വാക്കുകളിലെ രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരനെതിരെ നടത്തിയ ‘ചെറ്റത്തരം’ എന്ന പരാമര്‍ശം വലിയ വിവാദമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെലിവിഷന്‍ അഭിമുഖത്തിലാണ് ജി. സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍പ്പരം വിശേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
പഴയ ‘പരനാറി’ പ്രയോഗമുണ്ടാക്കിയ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും, ജി. സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ തന്റെ നിഘണ്ടുവില്‍ വേറെ വാക്കുകളില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. ‘അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു
. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അദ്ദേഹം അപമാനിച്ചത്,’ സുധാകരന്‍ പറഞ്ഞു. ‘പോടാ ചെറ്റേ’ എന്നൊരു പ്രയോഗവുമുണ്ടെന്നും, ഭാഷയുടെ അര്‍ത്ഥാന്തരങ്ങള്‍ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ലെന്ന് ജി. സുധാകരന്‍ ആവശ്യപ്പെട്ടു. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ലെങ്കിലും,
മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഇത് കേസിനുപോയാല്‍ പ്രശ്‌നമാകുമെന്നും, കോണ്‍ഗ്രസിന് സന്തോഷിക്കാമെന്നും പിണറായി ആളെക്കൂട്ടി വോട്ട് പിടിച്ചു തരുമെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ ഒരു ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ചതും വലിയ വിവാദമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം കടുത്ത വാക്കുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്.



