play-sharp-fill
കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര; ‘ഉദ്യോഗസ്‌ഥരുടേത് ധിക്കാരപൂർവ്വമായ ധാർഷ്‌ട്യം നിറഞ്ഞ സമീപനം’; കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജെനീഷ് കുമാർ എംഎല്‍എ

കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര; ‘ഉദ്യോഗസ്‌ഥരുടേത് ധിക്കാരപൂർവ്വമായ ധാർഷ്‌ട്യം നിറഞ്ഞ സമീപനം’; കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജെനീഷ് കുമാർ എംഎല്‍എ

സ്വന്തം ലേഖകൻ

കോന്നി : കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി. റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ഇതോടെ ഓഫീസിലെത്തിയ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. സംഭവമറിഞ്ഞ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തി. 60 ജീവനക്കാരുളള ഓഫീസില്‍ ഇന്ന് 21 പേരാണ് ഒപ്പിട്ടിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.

39 പേര്‍ ഇന്ന് ഓഫീസിലെത്തിയിട്ടില്ല. തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് എന്നാണ് വിവരം. രണ്ടാംശനിയാഴ്ചയും, ഞായറാഴ്ചയും കൂടി കണക്കിലെടുത്ത് മൂന്നു ദിവസത്തെ ടൂറിന് പോയതായിട്ടാണ് അറിഞ്ഞതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യങ്ങളെല്ലാം റവന്യൂമന്ത്രിയെയും റവന്യൂ സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാമെന്ന് മന്ത്രി അറിയിച്ചതായും ജനീഷ് കുമാര്‍ പറഞ്ഞു.ഇന്നു വരാത്തവരുടെയെല്ലാം അവധി രേഖപ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ഇത്രയധികം ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് എന്തൊരു ധിക്കാരമാണെന്നും എംഎല്‍എ ചോദിച്ചു.

17 പേര്‍ മാത്രമാണ് ലീവ് അപേക്ഷ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ലീവ് അപേക്ഷ പോലും നല്‍കിയിട്ടില്ല. ജീവനക്കാരുടേത് ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണെന്നും അനധികൃതമായിട്ടാണ് ഇത്രയേറെ പേര്‍ ലീവെടുത്തിട്ടുള്ളതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.