
പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ മെമ്മോയ്ക്ക് മറുപടി നല്‍കി ഡോ. ശിവപ്രസാദ്. സർജറി വിഭാഗം ഒപിയില്‍ സമ്മതപത്രം എന്ന നിലയില്‍ നോട്ടീസ് പതിച്ചത് താൻ അല്ല എന്നാണ് ഡോക്ടറുടെ മറുപടി. സംഭവത്തില്‍ തികച്ചും നിരപരാധിയാണെന്നും പറയുന്നു. ഇന്നലെയാണ് കോളേജ് പ്രിൻസിപ്പല്‍ ഇമെയില്‍ വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഡോക്ടറുടെ മറുപടി തുടർനടപടിക്കായി ഡിഎംഇക്ക് കൈമാറിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയില്‍ വഴി നല്‍കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയാണ് സർജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസില്‍ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.
പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളയുകയായിരുന്നു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


